play-sharp-fill
കോട്ടയം ലോക് സഭാ മണ്ഡലം വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച

കോട്ടയം ലോക് സഭാ മണ്ഡലം വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ലോക് സഭാ മണ്ഡലത്തിൽ കഴിഞ്ഞ 4 വർഷക്കാലം ജോസ് കെ.മാണി എം.പി നടത്തിയ വികസനപ്രവർത്തനങ്ങളും കർമ്മപരിപാടികളും അടങ്ങുന്ന വികസനരേഖയുടെ പ്രകാശനം സെപ്റ്റംബർ 29 ശനിയാഴ്ച 4 മണിക്ക് കോട്ടയം കെ.പി.എസ് മേനോൻഹാളിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ അധ്യക്ഷതവഹിക്കും. കോട്ടയം പാർലമെന്റ് മണ്ഡലം പുരോഗതിയുടെ നാഴികക്കല്ലുകൾ എന്ന പേരിലാണ് വികസനരേഖ പുറത്തിറക്കുന്നത്. നാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വരും തലമുറകൾക്ക് വേണ്ടി നൂതനപദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ഒരുപോലെ കഴിഞ്ഞു എന്നതാണ് ജോസ് കെ.മാണി രൂപപ്പെടുത്തിയ വികസനമാതൃകയെ വേറിട്ടതാക്കുന്നത്. കോട്ടയത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സയൻസ് സിറ്റി, ഐഐഐടി, ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, കേന്ദ്രീയവിദ്യാലയം തുടങ്ങിയ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിപ്പിക്കുവാനും പൂർത്തീകരണത്തിലേക്ക് എത്തിക്കുവാനും സാധിച്ചു. ഈ സ്ഥാപനങ്ങൾ കോട്ടയത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ സമ്പന്നമാക്കുകയും വരും തലമുറകളുടെ ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യും. റയിൽവെ വികസനകാര്യത്തിലും സമാനതകളില്ലാത്ത നേട്ടം ഇക്കാലയളിൽ കൈവരിക്കുവാൻ സാധിച്ചു. കൂടാതെ കേന്ദ്ര റോഡ് പദ്ധതിയിൽ നിന്നും നിരവധി റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. പുതിയ കണ്ടുപിടുത്തങ്ങൾക്കും വൈജ്ഞാനിക അന്വേഷണങ്ങൾക്കുമുള്ള പ്രചോദനം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സമ്മാനിക്കുന്ന വൺ എം.പി വൺ ഐഡിയ എന്ന ആശയം രാജ്യത്ത് ആദ്യമായി വിജയകരമായി ജോസ് കെ.മാണി ആവിഷ്‌ക്കരിച്ചപ്പോൾ കോട്ടയത്തെ തേടിയെത്തിയത് രാജ്യാന്തര പെരുമയാണ്.എം.പി ഫണ്ട് വിനിയോഗത്തിന്റെ അപ്പുറത്തേക്ക് ഒട്ടനവധി അതിബൃഹത്തായ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തതോടെ കോട്ടയത്തിന് ലഭിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന കുതിപ്പാണ്. ചടങ്ങിൽ മണ്ഡലത്തിലെ എം.എൽ.എമാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹ്യനേതാക്കളും പങ്കെടുക്കും.