video
play-sharp-fill

പിണറായി സർക്കാരിനു തുടർഭരണം ലഭിച്ചാൽ കിംങ് മേക്കറാകുക ജോസ് കെ.മാണി: ഏഴു സീറ്റിലധികം വിജയിച്ചാൽ ജോസിനെ കാത്തിരിക്കുന്നത് അച്ഛൻ ഒഴിഞ്ഞ കസേര; കെ.എം മാണിയ്ക്കു പിന്നാലെ മകനും സംസ്ഥാന ധനമന്ത്രിയായേക്കും; തോമസ് ഐസക്കിനെ മാറ്റി നിർത്തിയത് ജോസ് കെ.മാണിയ്ക്കു വേണ്ടിയെന്നു സൂചന; ഏറ്റുമാനൂരിൽ വിജയിച്ചാൽ വാസവനും മന്ത്രി..!

പിണറായി സർക്കാരിനു തുടർഭരണം ലഭിച്ചാൽ കിംങ് മേക്കറാകുക ജോസ് കെ.മാണി: ഏഴു സീറ്റിലധികം വിജയിച്ചാൽ ജോസിനെ കാത്തിരിക്കുന്നത് അച്ഛൻ ഒഴിഞ്ഞ കസേര; കെ.എം മാണിയ്ക്കു പിന്നാലെ മകനും സംസ്ഥാന ധനമന്ത്രിയായേക്കും; തോമസ് ഐസക്കിനെ മാറ്റി നിർത്തിയത് ജോസ് കെ.മാണിയ്ക്കു വേണ്ടിയെന്നു സൂചന; ഏറ്റുമാനൂരിൽ വിജയിച്ചാൽ വാസവനും മന്ത്രി..!

Spread the love

ഏ.കെ ശ്രീകുമാർ

കോട്ടയം: സംസ്ഥാനത്ത് പിണറായി സർക്കാരിന് തുടർ ഭരണം ലഭിച്ചാൽ ജില്ലയെ കാത്തിരിക്കുന്നത് രണ്ട് മന്ത്രി സ്ഥാനമെന്നു സൂചന. ഒന്നാം പിണറായി സർക്കാരിൽ ഒരു തരിമ്പും പരിഗണന ലഭിക്കാതെ പോയ കോട്ടയത്ത് രണ്ട് മന്ത്രിസ്ഥാനം വരെ അടുത്ത സർക്കാർ അധികാരത്തിൽ എത്തിയാൽ ലഭിക്കുമെന്ന് ഉറപ്പാണ്. പിണറായി സർക്കാരിന് തുടർ ഭരണം ലഭിച്ചാൽ ഇവിടെ തീർച്ചയായും കിംങ് മേക്കറാകുക കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി തന്നെയാകും.

നിലവിൽ പത്തു സീറ്റുകളിൽ മത്സരിക്കുന്നതിനാണ് ജോസ് കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസും ഇടതു മുന്നണിയുമായി ധാരണയിലായിരിക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ കോട്ടയത്ത് ഇടതു മുന്നണിയുടെ കൊടി പാറിപ്പറത്തുക എന്ന ലക്ഷ്യമാണ് ജോസ് കെ.മാണി വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും മൃഗീയമായ ഭൂരിപക്ഷമാണ് യു.ഡി.എഫിനു ലഭിച്ചിരുന്നത്. വൈക്കം ഒഴികെ എല്ലാ നിയോജക മണ്ഡലങ്ങളും മുൻപ് കണ്ണുംപൂട്ടി യു.ഡി.എഫ് വിജയിച്ചിരുന്നവയായിരുന്നു. വർഷങ്ങളായി ഒരു പിടി നേതാക്കൾ കൈവശം വച്ചിരുന്നതാണ് ഈ സീറ്റുകളെല്ലാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിൽ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിനു നൽകാൻ ധാരണയായിട്ടുണ്ട്. പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ സീറ്റുകളിൽ സി.പി.എമ്മും മത്സരിക്കും. വൈക്കത്ത് നിലവിലെ എം.എൽ.എ സി.കെ ആശ തന്നെയാവും സി.പി.ഐയുടെ സ്ഥാനാർത്ഥി. ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിലാണ് ഇടതു മുന്നണിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ തർക്കങ്ങൾ പരിഹരിച്ച് ഒത്തൊരുമയോടെ ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിടാനാണ് തയ്യാറെടുക്കുന്നത്.

ജില്ലയിൽ മത്സരിക്കുന്നതിനു ധാരണയായിരിക്കുന്ന നാലു സീറ്റിലും, ഇനി ചങ്ങനാശേരി വിട്ടു കിട്ടിയാൽ അവിടെയും വിജയം തന്നെയാണ് ജോസ് കെ.മാണി ലക്ഷ്യമിടുന്നത്. പരമാവധി സീറ്റുകൾ ജില്ലയിൽ നിന്നു വിജയിക്കുന്നതിനും, സർക്കാരിൽ ശക്തമായ പ്രാധിനിധ്യം ഉറപ്പിക്കുന്നതിനുമാണ് ജോസ് കെ.മാണിയുടെ പദ്ധതി. നിലവിൽ മത്സരിക്കുന്ന പത്തിൽ നാലെണ്ണവും കോട്ടയം ജില്ലയിൽ നിന്നു തന്നെയാണ്. നാലിലും ഉറപ്പായും വിജയിക്കുമെന്നാണ് ജോസ് കെ.മാണി വിഭാഗം കണക്കു കൂട്ടുന്നത്.

സി.പി.എമ്മിന്റെ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയും, ഒപ്പം കേരള കോൺഗ്രസ് വോട്ടുകളും കൂടി വീണാൽ വിജയം ഉറപ്പാക്കാമെന്നാണ് ജോസ് കെ.മാണിയുടെ കണക്കു കൂട്ടൽ. അഞ്ചു മുതൽ ഏഴു വരെ സീറ്റുകൾ ഒറ്റയ്ക്ക് നിന്നു വിജയിച്ചാൽ സർക്കാരിൽ പിടിമുറുക്കാൻ സാധിക്കും. അങ്ങിനെയെങ്കിൽ ധനമന്ത്രി സ്ഥാനം തന്നെയാണ് ജോസ് കെ.മാണി ലക്ഷ്യമിടുന്നത്. അച്ഛന്റെ മകനായ ജോസ് കെ.മാണിയ്ക്ക് ധനമന്ത്രി സ്ഥാനം നൽകുന്നതിൽ എതിർപ്പില്ലെന്നാണ് തോമസ് ഐസക്കിന് സീറ്റ് നൽകാതെ മാറ്റി നിർത്തുന്നതിലൂടെ സി.പി.എം നൽകുന്ന സന്ദേശം.

റവന്യു സി.പി.ഐയ്ക്കും, ആഭ്യന്തരം സി.പി.എമ്മിനും നൽകുമ്പോൾ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണനയിൽ ധനത്തിൽ കുറഞ്ഞൊന്നും ജോസ് കെ.മാണി വിഭാഗം പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ പരമാവധി സീറ്റുകൾ ജില്ലയിൽ നിന്നു സമാഹരിക്കുന്നതും ജോസ് കെ.മാണിയുടെ ലക്ഷ്യത്തിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജും, പാലായിൽ ജോസ് കെ.മാണിയും സുഖമായി വിജയിച്ചു കയറുമെന്ന കണക്കു കൂട്ടലാണ് കേരള കോൺഗ്രസിനുള്ളത്. കടുത്തുരുത്തിയിലും, പൂഞ്ഞാറിലും മികച്ച മത്സരത്തിനൊടുവിൽ  വിജയ സാധ്യതയാണ് സ്വന്തം സ്ഥാനാർത്ഥിയ്ക്കായി കണക്കു കൂട്ടുന്നത്.

ഏറ്റുമാനൂരിൽ വിജയിക്കാനായാൽ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എൻ വാസവന്  മന്ത്രി സ്ഥാനം ഉറപ്പാണ്. പാർട്ടിയിലെ ജനകീയനും, നിരവധി വികസന കാഴ്ചപ്പാടുകളുമുള്ള വാസവൻ മന്ത്രിയായാൽ കോട്ടയത്തിൻ്റെ മുഖഛായ മാറ്റുമെന്നതിൽ തർക്കമില്ല .സിറ്റിംങ് സീറ്റാണെങ്കിലും ഏറ്റുമാനൂരിൽ പാർട്ടി ജില്ലാ സെക്രട്ടറിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സാധിച്ചാൽ ഇത് ജോസ് കെ.മാണിയുടെയും കേരള കോൺഗ്രസിന്റെയും ക്രഡിറ്റിൽ വരും. ഇതും തങ്ങൾക്ക് ഒരു മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് ഉതകുമെന്നാണ് കേരള കോൺഗ്രസ് കരുതുന്നത്.