ജോസ് കെ മാണി എംപിയുടെ കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ; ആവേശകരമായ സ്വീകരണം ഒരുക്കി പ്രവർത്തകർ
സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ എത്തും. ഇന്ന് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കുന്ന യാത്രയെ രാവിലെ ഒൻപതരയോടെ മുണ്ടക്കയത്ത് സ്വീകരിക്കും.
മുണ്ടക്കയം കല്ലേപ്പാലം ജംഗ്ഷനില്‍ യു ഡി എഫ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ വൻ ആഘോഷത്തോടെ യാത്രയെ സ്വീകരിക്കും. തുടർന്ന് പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിനു സമീപം ചേരുന്ന സ്വീകരണ യോഗം യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉല്‍ഘാടനം ചെയ്യും. 11.30 നു പൊൻകുന്നത്ത് എത്തുന്ന യാത്രയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നൽകും. തുടർന്ന് ചേരുന്ന യോഗം കോൺഗ്രസ് നേതാവും മുൻ എം പിയുമായ പീതാംബര കുറുപ്പ് ഉല്‍ഘാടനം ചെയ്യും. 12.30 ന് മണർകാട് അയർക്കുന്നത്ത് എത്തുന്ന യാത്രയെ സ്വീകരിക്കാൻ വൻ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ജാഥാ ക്യാപ്റ്റനായ ജോസ് കെ മാണി എംപിയെ വാദ്യമേളങ്ങളുടെ അകമ്പടിയിൽ തുറന്ന ജീപ്പിൽ സ്വീകരിക്കും. തുടർന്ന് അയര്‍കുന്നത്ത് ചേരുന്ന യോഗം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യും.
ഉച്ച ഭക്ഷണത്തിനു ശേഷമാവും പിന്നീട് യാത്ര ആരംഭിക്കുക. വൈകിട്ട് നാല് മണിയോടെ യാത്ര നഗര മധ്യത്തിൽ മാമ്മൻമാപ്പിള ഹാളിന് സമീപം എത്തും. തുടർന്ന് അയിരക്കണക്കിന് പ്രവർത്തകരുടെയും നാസിക് ഡോളിന്റെയും കരകാട്ടവും കലാരൂപങ്ങളും അടക്കമുള്ളവ നിരന്ന ഘോഷയാത്രയിലുടെ ജാഥാ ക്യാപ്റ്റനെ നഗരത്തിലേയ്ക്ക് സ്വീകരിക്കും.
തുടർന്ന് നാല് മണിക്ക് കോട്ടയത്ത് പഴയ ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ചേരുന്ന പൊതുയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. 5.30 നു ചങ്ങനാശേരിയിലെ സമാപന സമ്മേളനം ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എം എല്‍ എ ഉല്‍ഘാടനം ചെയ്യും.
കേരള യാത്രയുടെ പ്രചാരാണാർത്ഥം ജില്ലയിൽ വിപുലമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പ്രവർത്തകർ അണി നിരക്കുന്ന പ്രകടനങ്ങൾ നടക്കും. ഈ കേന്ദ്രങ്ങളിലെല്ലാം വാദ്യമേളങ്ങളും കലാ രൂപങ്ങളും സ്വീകരണ പരിപാടികൾക്ക് മാറ്റ് കൂട്ടും. പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ചയിലേറെയായി വിപുലമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. വിവിധ കേന്ദ്രങ്ങളിൽ വിളംബര സമ്മേളനങ്ങളും , വിളംബര റാലികളും , ബൈക്ക് റാലികളുമാണ് നടത്തിയിരുന്നത്. പ്രചാരണത്തിന്റെ ഭാഗമായി നൂറ് കണക്കിന് ഫ്ളക്സ് ബോർഡുകളും , ചുവരെഴുത്തും , അടക്കമുള്ളവ നടത്തിയിട്ടുണ്ട്. യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഗാന്ധി സക്വയറിൽ വിളംബരവും നടത്തി. യൂത്ത്ഫ്രണ്ട് (എം)നടത്തിയ വിളംബരം കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസ് ഉൽഘാടനം ചെയ്തു. രാജേഷ് വാളിപ്ലാക്കൽ, ജോജി കുറുതീയാടൻ, വിജി എം തോമസ്, രൂപേഷ് ഏബ്രഹാം, നിഖിൽകോഡൂർകാഞ്ഞിരം, വി എം റെക്സോൺ എന്നിവർ പ്രസംഗിച്ചു. പാര്‍ട്ടി നേതാക്കൾ എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കൾ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. യൂത്ത് ഫ്രണ്ട് സന്നദ്ധ ഭടന്മാർ , വനിതാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകർ, ദളിത് ഫ്രണ്ട്, കെ.ടി യു സി , കെ എസ് സി, കര്‍ഷക യൂണിയന്‍ തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തിലും വിവിധ വിളംബര പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രചാരണത്തിന്റെ രണ്ടാം ദിനമായ 9 നു രാവിലെ 10 മണിക്ക് വൈക്കത്ത് ബോട്ട് ജെട്ടിക്കു സമീപത്ത് നിന്നും ആരംഭിക്കുന്ന ജാഥയും പൊതുയോഗവും കെ പി സി സി സെക്രട്ടറി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉല്‍ഘാടനം ചെയ്യും. 11.30 നു കടുത്തുരുത്തിയില്‍ സ്വീകരണ യോഗത്തിനും ഉച്ച ഭക്ഷണത്തിനും ശേഷം 3 .45 നു ഏറ്റുമാനൂര്‍ എത്തുമ്പോള്‍ തിരുവഞ്ചൂര്‍ രാധേകൃഷ്ണന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് 5.30 നു പാലായില്‍ സമാപന സമ്മേളനം കെ മുരളീധരന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും.