
ജോസ് കെ മാണിയ്ക്ക് 13 സീറ്റ്: കോട്ടയത്ത് ചങ്ങനാശേരി അടക്കം അഞ്ച് സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കും: ഒടുവിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ഇടത് മുന്നണി
തേർഡ് ഐ ബ്യൂറോ
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ഇടതുമുന്നണി. പുതുതായി മുന്നണിയിൽ എത്തിയ ജോസ് കെ മാണി വിഭാഗത്തിന് 13 സീറ്റുകളാണ് ഇടതുമുന്നണി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഒമ്പതിൽ അഞ്ചു സീറ്റുകളും ജോസ് കെ മാണി വിഭാഗത്തിന് ഇടതുമുന്നണി നൽകിയിട്ടുണ്ട്. മൂന്നു സീറ്റിൽ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും ആണ് മത്സരിക്കുന്നത്.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളി , പാലാ , പൂഞ്ഞാർ, ചങ്ങനാശേരി , കടുത്തുരുത്തി സീറ്റുകളിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിൽ ജോസ് കെ മാണിയും, പൂഞ്ഞാറിൽ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കലും , കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജും , ചങ്ങനാശേരിയിൽ ജോബ് മൈക്കിളുമാണ് സ്ഥാനാർത്ഥികൾ. കടുത്തുരുത്തിയിൽ സ്ഥാനാർത്ഥിയെ ഇനിയും നിശ്ചയിച്ചിട്ടില്ല. ഏറ്റുമാനൂരിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ മത്സരിക്കുമ്പോൾ കോട്ടയത്ത് കെ.അനിൽകുമാറും , പുതുപ്പള്ളിയിൽ ജെയ്ക്ക് സി.തോമസും ജനവിധി തേടും.
ബുധനാഴ്ച നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലണ് സീറ്റുകൾ സംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സിപിഎം 85, സിപിഐ 25, കേരള കോൺഗ്രസ് (ജോസ്) 13, ജെഡിഎസ് 4, എൽജെഡി 3, ഐഎൻഎൽ 3 എൻസിപി 3, കേരള കോൺഗ്രസ് (ബി) 1, കേരള കോൺഗ്രസ് (എസ്) 1, ആർഎസ്പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്എമ്മിന് നൽകാൻ ധാരണയായതോടെയാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയായത്.
സിപിഐ എതിർപ്പ് മറികടന്നാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്.