
കേരള കോൺഗ്രസ് എം പിളർന്നു: ജോസ് കെ മാണി ചെയർമാൻ: സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തി സ്ഥാനം ഏറ്റെടുക്കും
സ്വന്തം ലേഖകൻ
കോട്ടയം: വളരും തോറും പിളരുന്ന കേരള കോൺഗ്രസ് എമ്മിന്റെ പിളർപ്പ് പുർണമാക്കി ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തു. സി എസ് ഐ റിട്രീറ്റ് സെന്ററിൽ ജോസ് കെ മാണി വിഭാഗം വിളിച്ച് ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. മുതിർന്ന നേതാവ് ഇ.ജെ.ആഗസ്തി ചെയർമാൻ സ്ഥാനത്തേയ്ക്ക് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി അനുകൂലികള്‍ തീരുമാനത്തെ ഏകകണ്ഠമായി പിൻതുണച്ചു. യു ഡി എഫിലെ ഘടകകക്ഷികളുടെയും കോൺഗ്രസിന്റെയും വിലക്ക് ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന ആവശ്യം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ആവര്‍ത്തിച്ചു തള്ളിയ സാഹചര്യത്തിലാണ സ്വന്തം നിലയില്‍ ജോസ് കെ മാണി യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിൽ നിന്നും സി.എഫ് തോമസ് എംഎൽഎ വിട്ടു നിന്നു. എം എൽ എ മാരായ റോഷി അഗസ്റ്റിനും എൻ.ജയരാജും , തോമസ് ചാഴികാടൻ എം പി യും ജോസ് കെ മാണി വിഭാഗത്തിനൊപ്പമാണ്.
സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ ചെയര്‍മാനുമാത്രമാണ് അധികാരമുള്ളുവെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് മറികടന്നാണ് പുതിയ തെരഞ്ഞെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പിളര്‍പ്പ് പൂര്‍ണമായി. പിളര്‍പ്പ് ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ശ്രമിച്ചെങ്കിലും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും പിളര്‍പ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍ യോഗത്തില്‍ നിന്നും സി.എഫ്.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. എട്ട് ജില്ലാ പ്രസിഡന്റുമാരും 220 സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിനെത്തിയെന്ന് ജോസ്.കെ..മാണി വിഭാഗം അവകാശപ്പെട്ടു.
താത്ക്കാലിക ചെയര്‍മാനായി ജോസഫിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമില്ലാതെ സമാന്തര കമ്മിറ്റി വിളിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനും കൂറുമാറ്റ നിരോധന നിയമം വഴി എം.പി, എം.എല്‍.എമാരെ അയോഗ്യരാക്കാമെന്നുമാണ് ജോസഫ് വിഭാഗം വിശ്വസിക്കുന്നത്. ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് ജോസ് വിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിര്‍ണായകമായിരിക്കും. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്നും സ്വയം പുറത്ത് പോകുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും വ്യക്തമാക്കിയിരുന്നു. ജോസ്.കെ.മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി പ്രഖ്യാപിച്ചതോടെ ജോസഫ് ഇനി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എമാരില്‍ മൂന്ന് പേരുടെ പിന്തുണ തനിക്കുള്ളതിനാല്‍ കടുത്ത നടപടികളിലേക്ക് ജോസഫ് കടക്കുമെന്നാണ് വിവരം.