ഷാജുവിനെ കൊന്ന് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തി ; ജോളിയുടെ തമിഴ്‌നാട് യാത്രയുടെ പുറകെ പോലീസ്

ഷാജുവിനെ കൊന്ന് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തി ; ജോളിയുടെ തമിഴ്‌നാട് യാത്രയുടെ പുറകെ പോലീസ്

 

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ രണ്ടാം ഭർത്താവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. രണ്ടാം ഭർത്താവായ ഷാജുവിനെ കൊലപ്പെടുത്തി മൂന്നാം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ബിഎസ്എൻഎൽ ജീവനക്കാരനും സുഹൃത്തുമായ ജോൺസനെ വിവാഹം കഴിക്കാനാണ് ജോളി ആഗ്രഹിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമിച്ചുവെന്നും ജോളി മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മിലുളള സൗഹൃദം വ്യക്തമാക്കി ജോളി കോയമ്പത്തൂരിൽ പോയത് ജോൺസനെ കാണാനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഓണക്കാലത്ത് ജോളി കോയമ്പത്തൂരിൽ പോയത് എന്തിനാണെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതിലാണ് ഇക്കാര്യം വ്യക്തമായത്. ടവർ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചു. ജോൺസണും ജോളിയും ബംഗളൂരുവിൽ പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറു മാസത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ നിരന്തരം കോയമ്പത്തൂർ സന്ദർശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകൻ റോമോ പൊലീസിന് മൊഴി നൽകിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നെന്നാണ് പറഞ്ഞതെന്നും മകൻ അറിയിച്ചിരുന്നു.

എന്നാൽ, ജോളി കട്ടപ്പനയിലെ വീട്ടിൽ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്പത്തൂരിലേക്കാണ് പോയതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പിന്നീട് പോലീസ് അന്വേഷണം നടത്തിയത്.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോൺസൺ കഴിഞ്ഞ ദിവസം പോലീസിന് മൊഴി നൽകിയിരുന്നു. ജോളി ഏറ്റവും കൂടുതൽ തവണ ഫോൺ വിളിച്ചവരിൽ ഒരാൾ ജോൺസണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോൺസൺ പോലീസിനോട് പറഞ്ഞിരുന്നു.