ദേശീയ അവാർഡ് വാങ്ങി ജോജു ജോർജും കീർത്തി സുരേഷും ; പ്രതിഷേധിച്ച് മറ്റ് മലയാളി താരങ്ങൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ദേശീയ അവാർഡ് ബഹിഷ്‌കരിച്ച സിനിമാപ്രവർത്തകർക്കൊപ്പം ചേരാതെ നടൻ ജോജു ജോർജ്ജും നടി കീർത്തി സുരേഷും.
‘ജോസഫ്’ സിനിമയിലെ പ്രകടനത്തിന് ലഭിച്ച ദേശീയ (പ്രത്യേക പരാമർശം) പുരസ്‌കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നും ഇന്ന് രാവിലെയാണ് ജോജു ജോർജ്ജ് ഏറ്റുവാങ്ങി. കീർത്തിയാകട്ടെ ‘മഹാനടി’ എന്നചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി ജോജുവിനും കീർത്തിക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ചടങ്ങിൽ സന്നിഹിതനായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച നടനുള്ള പുരസ്‌കാരങ്ങൾ വിക്കി കൗശാലും ആയുഷ്മാൻ ഖുറാനയും കൂടി പങ്കിട്ടു. അവാർഡ് വാങ്ങിയവരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നും ജോജുവും കീർത്തിയും മാത്രമാണുണ്ടായിരുന്നത്. പ്രധാനമായും ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറപ്രവർത്തകരും നടീനടന്മാരുമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള തങ്ങളുടെ പ്രതിഷേധ സൂചകമായി അവാർഡുകൾ ബഹിഷ്‌ക്കരിച്ചത്. ‘സുഡാനി’യിൽ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ച സാവിത്രി ശ്രീധരനും തനിക്ക് ലഭിച്ച അവാർഡ് ബഹിഷ്‌ക്കരിച്ചിരുന്നു.