play-sharp-fill
പാമ്പാടിയിലെ അപകടം കണ്ടിട്ടും നിർത്താതെ പോയ വാഹനത്തിൽ ജോയിന്റ് ആർടിഒ; കോട്ടയം ജോയിന്റ് ആർടിഒ ഹരികൃഷ്ണനെതിരെ പരാതിപ്രളയം; ഡ്രൈവർക്കും ജോയിന്റ് ആർടിഒയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം

പാമ്പാടിയിലെ അപകടം കണ്ടിട്ടും നിർത്താതെ പോയ വാഹനത്തിൽ ജോയിന്റ് ആർടിഒ; കോട്ടയം ജോയിന്റ് ആർടിഒ ഹരികൃഷ്ണനെതിരെ പരാതിപ്രളയം; ഡ്രൈവർക്കും ജോയിന്റ് ആർടിഒയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ

പാമ്പാടി: കെ.കെ റോഡിൽ പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത് കണ്ടിട്ടും നിർത്താതെ പാഞ്ഞു പോയത് കോട്ടയം ജോയിന്റെ ആർടിഒ ഹരികൃഷ്ണൻ സഞ്ചരിച്ച വാഹനം. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ കെ.എസ്ആർടിസി ബസ് വെട്ടിച്ചു മാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഈ ദൃശ്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കടന്നു പോകുന്നത് കണ്ടെത്തിയത്.
തുടർന്നു തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഈ സമയം കടന്നു പോയ വാഹനത്തിലുണ്ടായിരുന്നത് കോട്ടയം ആർ.ടി.ഒ ഓഫിസിലെ ജോയിന്റെ ആർടിഒ ഹരികൃഷ്ണനും, ഡ്രൈവറുമാണെന്നു വ്യക്തമായത്. പൊൻകുന്നം ആർ.ടി ഓഫിസിലെ ഹെവി വാഹന പരിശോധനയ്ക്കു പോകുകയായിരുന്നു ഇരുവരും. പൊൻകുന്നം ആർടി ഓഫിസിലെ ജോയിന്റെ ആർടിഒ മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാവില്ല. ഇത് നടത്തുന്നതിനു വേണ്ടിയാണ് ജോയിന്റ് ആർടിഒ ഹരികൃഷ്ണൻ പൊൻകുന്നത്തേയ്ക്കു തിരിച്ചത്.
അപകടം നടന്നതിനു തൊട്ടു പിന്നാലെയാണ് ഹരികൃഷ്ണന്റെ വാഹനം ഇതുവഴി കടന്നു പോകുന്നത്. മുന്നിൽ കെഎസ്ആർടിസി ബസ് മറിയുന്നത് വ്യക്തമായി ഇദ്ദേഹം കാണുന്നുമുണ്ട്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഹരികൃഷ്ണന്റെ വാഹനത്തിനു കൈകാട്ടുന്നുമുണ്ട്. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഹരികൃഷ്ണന്റെ വാഹനം കടന്നു പോകുന്നത്. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ഗുരുതര പിഴവ് വരുത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയും ക്രിമിനൽകേസും എടുക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് ഒരു വിഭാഗം പരാതിയും നൽകിയിട്ടുണ്ട്. ഈ വീഡിയോയും അദ്ദേഹത്തിനു അയച്ചു നൽകിയിട്ടുണ്ട്.
എന്നാൽ, കെഎസ്ആർടിസി ബസ് അപകടത്തിനു ഇടയാക്കിയ ഓട്ടോ ഡ്രൈവറുടെ അശ്രദ്ധയ്‌ക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തേയ്ക്ക് ഇറങ്ങിയെത്തിയ ഓട്ടോഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിനും 23 പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയത്.