video
play-sharp-fill

യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും: പാർട്ടിയിലെത്തിച്ചത് രണ്ടായിരത്തോളം യുവാക്കളെ; കാത്തിരിക്കുന്ന ഉയരങ്ങൾ കീഴടക്കാതെ ജോബിൻ മടങ്ങുന്നു; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും: പാർട്ടിയിലെത്തിച്ചത് രണ്ടായിരത്തോളം യുവാക്കളെ; കാത്തിരിക്കുന്ന ഉയരങ്ങൾ കീഴടക്കാതെ ജോബിൻ മടങ്ങുന്നു; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: യുവത്വത്തിന്റെ പ്രസരിപ്പും പുഞ്ചിരിയും എന്നും ജോബിന്റെ മുഖത്തുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതവും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ചങ്കൂറ്റവും ഒരു രാഷ്ട്രീയ നേതാവിന് വേണ്ട പക്വതയും ചെറുപ്രായത്തിൽ തന്നെ ജോബിനുണ്ടായിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ രണ്ടായിരത്തോളം പ്രവർത്തകരെ, പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ എത്തിച്ച ജോബിൻ കാത്തിരിക്കുന്ന ഉയരങ്ങൾ കീഴടക്കാൻ ബാക്കി വച്ചാണ് മടങ്ങുന്നത്. അപ്രതീക്ഷിതമായുള്ള ജോബിന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹ പ്രവർത്തകരും നാട്ടുകാരും. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് വീടിനുള്ളിൽ ജോബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.


മണർകാട് തലപ്പാടി കൊച്ചുപുരയ്ക്കൽ കെ.കെ ജോർജ്, സാലി ദമ്പതികളുടെ ഏക മകനായ ജോബിൻ തലപ്പാടി 2008 മുതൽ 2011 ൽ സി.എംഎസ് കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നേതൃ നിരയിലേയ്ക്ക് എത്തുന്നത്. എസ്എഫ്‌ഐ പ്രവർത്തകർ അരങ്ങ് വാണിരുന്ന സിഎംഎസ് കോളേജ് ക്യാമ്പസിൽ തീപ്പൊരിയായി നിന്ന ജോബിൻ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കെഎസ് യുവിനെ വളർത്തുകയായിരുന്നു. ഇതോടെയാണ് ജോബിൻ കെഎസ് യു നേതൃനിരയിലേയ്ക്ക് വളർന്നത്. പിന്നീട് സിഎംഎസ് കോളേജ് കെഎസ് യു യൂണിറ്റ് കമ്മിറ്റിയുടെ അനിഷേധ്യനായ നേതാവും ജോബിൻ തലപ്പാടി ഉയർന്നു വന്നു. നേരത്തെ തന്നെ മണർകാട് പ്രദേശത്ത് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു ജോബിൻ. 2009 ൽ സിഎംഎസ് കോളേജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റായതോടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ജോബിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. തുടർന്ന് അതി വേഗം ജില്ലാ നേതൃത്വ നിരയിലേയ്ക്ക് ജോബിൻ ഉയർന്നു.
തുടർന്ന് വിദ്യാഭ്യാസത്തിനു ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തന രംഗത്ത് സജീവമായി ജോബിൻ ഇറങ്ങി. അടുത്ത മാസം നടക്കുന്ന യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തോളം പ്രവർത്തകരെ ജോബിൻ തലപ്പാടി പാർട്ടിയിൽ ചേർത്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി ജോബിന്റെ വിടവാങ്ങലുണ്ടായിരിക്കുന്നത്.
കെ.മുരളീധരനുമായി ജില്ലയിൽ ഏറെ അടുത്ത ബന്ധമുള്ള യുവ നേതാക്കളിൽ ഒരാളായിരുന്നു ജോബിൻ. അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭാരവാഹിത്വത്തിലേയ്ക്ക് അടക്കം സാധ്യത കൽപ്പിച്ചിരക്കെയാണ് ജോബിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. പോസ്റ്റ് മാർട്ടത്തിനു ശേഷം കോൺഗ്രസ് നേതാക്കളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങുന്ന മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും തുടർന്ന് രണ്ടു ദിവസത്തിനു ശേഷം സംസ്‌കാരം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group