സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളുമായി അടുപ്പം സ്ഥാപിച്ചശേഷം വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം; തട്ടിപ്പിനിരയായവർ തന്ത്രപരമായി കോട്ടയം സംക്രാന്തിയിൽവെച്ച് പ്രതിയെ കുടുക്കി; നാടകീയ നിമിഷങ്ങൾക്കൊടുവിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് സംഭവത്തിൽ പ്രതി അറസ്റ്റിൽ. തട്ടിപ്പിനിരയായവർ കോട്ടയം സംക്രാന്തിയിൽവെച്ച് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതിയെ കുടുക്കിയത്.
സംക്രാന്തി പെരുമ്പായിക്കാട് ഭാഗത്ത് മറ്റൊരാളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടുന്നതിനായി എത്തിയപ്പോഴാണ് തട്ടിപ്പിനിരയാവർ ഈ വിവരം അറിയുന്നത്. പരാതിക്കാരായ സ്ത്രീകൾ ഇയാളെ തടഞ്ഞു വച്ച് ഗാന്ധിനഗർ പൊലീസിനു കൈമാറുകയായിരുന്നു. ഇതേ തുടർന്ന്, ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
പത്തനംതിട്ട തിരുവല്ല നിരണം കിഴക്കേ തേവർകുഴി വീട്ടിൽ ജോർജിൻ അജിനെ(27)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ യു.എ.ഇയിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന ഹോട്ടലിൽ ജോലി ഒഴിവ് ഉണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
മറ്റ് ചിലവുകൾ ഒന്നുമില്ലെന്നും 40000 രൂപ മാത്രം വിസാ ചിലവ് ഇനത്തിൽ നൽകിയാൽ യു.എ.ഇയിലേയ്ക്കു കൊണ്ടു പോകാമെന്നുമായിരുന്നു ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചിരുന്നത്. ഏകദേശം നാൽപതോളം യുവതികളിൽ നിന്നും അവരുടെ സുഹ്യത്തുക്കളിൽ നിന്നും പണംതട്ടിയെടുത്തിട്ടുണ്ട്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.