
തീരദേശ പരിപാലന ചട്ടം ലംഘിച്ച് കായൽ കൈയ്യേറി നിർമ്മാണപ്രവർത്തനം; നടന്‍ ജയസൂര്യക്കെതിരെ കുറ്റപത്രം; ആകെ നാലുപ്രതികൾ
കൊച്ചി: നഗരഹൃദയ ഭാഗത്ത് കടവന്ത്ര ചിലവന്നൂർ കായൽ സമീപത്ത് ജയസൂര്യ നിർമിച്ച വീടിനോട് ബന്ധപ്പെട്ടാണ് കുറ്റപത്രം. വിജിലൻസ് അന്വേഷണ സംഘം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കോടതിയാണ് കേസ് പരിഗണിക്കുക.
വീടിന് സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിർമിച്ചിരുന്നു. ഇതു ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതെന്നാണ് ആരോപണം. എറണാകുളം സ്വദേശിയായ ഗിരീഷ് ബാബു 2013ൽ നൽകിയ പരാതിയെ തുടർന്ന് നിരവധി നടപടികൾ ഉണ്ടായിരുന്നു. കൊച്ചി കോർപ്പറേഷൻ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു എന്ന ഘട്ടംവരെ എത്തിയെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നായിരുന്നു ഗിരീഷ് ബാബുവിന്റെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ട് ജെട്ടി നിർമിച്ചത് പൊളിക്കാൻ കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയതിനെ തുടർന്ന് ജയസൂര്യ അപ്പീൽ പോകുകയും അത് തദ്ദേശ ട്രൈബ്യൂണൽ തള്ളുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് അൽപം ഭാഗം പൊളിച്ചു മാറ്റിയെങ്കിലും മറ്റു നടപടികൾ ഉണ്ടായില്ല. പിന്നീട്, മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി പോകുകയും 6 വർഷം മുൻപ് എഫ്ഐആർ രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. എങ്കിലും, അന്വേഷണസംഘം കുറ്റപത്രം ഇത്രയും നാളും സമർപ്പിച്ചിരുന്നില്ല. ഹരജിക്കാരനായ ഗിരീഷ് ബാബു വീണ്ടും കോടതിയിൽ ഹരജി ഫയൽ ചെയ്‌തതോടെയാണു ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്.
താരത്തെ മൂന്നാം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇൻസ്‌പെക്‌ടർ രണ്ടാം പ്രതിയുമാണ്. കായൽ തീരത്ത് സ്‌ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്ന ചട്ടം പാലിച്ചില്ലെന്നും കെട്ടിടം നിര്‍മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടം നിര്‍മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിർമാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇൻസ്‌പെക്‌ടറെ കുറ്റക്കാരനാക്കിയത്.