അവൾ എവിടെ? ജെസ്‌നയെ കാണാതായിട്ട് അറുപത് ദിവസങ്ങൾ…

അവൾ എവിടെ? ജെസ്‌നയെ കാണാതായിട്ട് അറുപത് ദിവസങ്ങൾ…

Spread the love

ശ്രീകുമാർ

എരുമേലി: മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ (20) യെ കാണാതായിട്ട അറുപത് ദിവസങ്ങൾ പിന്നിട്ടുമ്പോഴും ദൂരൂഹതകൾ ഇനിയും ബാക്കി നിൽക്കുന്നു. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. കഴിഞ്ഞ് മാർച്ച് 22 ന് രാവിലെ 9.30 നാണ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും മുണ്ടക്കയം പുഞ്ചവയലിലെ പിത്യസഹോദരിയുടെ വീട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ പെൺകുട്ടിയെ കാണാതാകുന്നത്.
രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമായ ജെസ്നയെ ബന്ധുക്കൾക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുയാണ്. പട്ടാപകൽ ഒരു പെൺകുട്ടിയെ കാണാതായിട്ട് പോലീസിന് ഒരു വിവരവും കണ്ടെത്താനാവത്തതിൽ മാതാപിതാക്കളും ആശങ്കയിലാണ്. എന്നാൽ പോലീസിന്റെ ഗുരൂതര അനസ്ഥയാണെന്ന വാദവുമായി വനിത കമ്മീഷൻ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ കാണാതായി മൂന്നാം നാൾ മാത്രം അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാംഗങ്ങൾ കൈമാറിയ നിർണായക വിവരങ്ങളും അവഗണിച്ചു.
അവളെ കണ്ടെത്തുന്നതിനായി സുഹൃത്തുക്കളുടെയും സഹപാഠികളുടെയും കൂട്ടായ്മകളും സജീവമാണ്. സഹോദരങ്ങൾ നവമാധ്യമങ്ങളിൽ വീഡിയോയിലൂടെയും സഹായം അഭ്യർഥിച്ചു. സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൗനജാഥയും, കളക്ട്രേറ്റു പടിക്കൽ നിരാഹാര സമരവുമൊക്കെ സംഘടിപ്പിച്ചു. ചില രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്.
ജെസ്‌ന മരിയയെ കാണാതായി രണ്ടു മാസത്തിനിടയിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അഞ്ജാത കോളിന്റെ ഉറവിടം തേടി പോലീസ് ബാംഗളുരുവിലേയ്ക്ക് പോയി. എന്നാൽ അന്വേഷണത്തിൽ ഒന്നും കണ്ടത്താനായില്ല. പിന്നീട് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് മുണ്ടക്കയത്ത് ഒരു വീട്ടിൽ പരിശോധന നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. നിരവധി പേരേ പോലീസ് ചോദ്യം ചെയ്തു. വേളാങ്കണ്ണി, തേനി എന്നിവിടങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പോലീസെത്തി പരിശോധിച്ചു.
ജെസ്‌നയുടേതെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ച ചിത്രം സാമ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നീട് ബംഗളുരുവിൽ ജസ്‌നയെയും ഒരു ആൺ സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം പരന്നു. പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ തിരിച്ചു മടങ്ങി. ജെസ്‌നയെ കണ്ടെത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ അവാർഡ് പോലീസ് പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലും കണ്ടതായി ഫോൺ വിളികളിൽ അന്വേഷണം നടത്തിയിട്ടും സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല.