അത് ജെസ്‌നയല്ല..

അത് ജെസ്‌നയല്ല..

സ്വന്തം ലേഖകൻ

കോട്ടയം: മുക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയം ജെയിംസി(20)നെ കാണാതായിട്ട് 70 ദിവസം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ജെസ്‌നയുടെതെന്ന് സംശയം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരിശോധനയിൽ സ്ഥിരീകരണം. മൃതദേഹം ജെസ്‌നയുടേതല്ലെന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തി.
കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപ്പെട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണോ എന്ന സംശയവുമായാണ് പോലീസ് തമിഴ്നാട്ടിലെത്തിയത്. ചെങ്കൽപ്പെട്ടിനടുത്ത പഴവേലി എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്ന് മേയ് 28-നാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പല്ലിൽ ക്ലിപ്പിട്ട നിലയിലായിരുന്നു. ജെസ്നയും പല്ലിൽ ക്ലിപ്പിട്ടിരുന്നു. മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള വിവരങ്ങൾ തമിഴ്‌നാട് പോലീസ് ഇന്റലിജൻസ് വിഭാഗം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പുറത്തുവിട്ടതോടെയാണ് കേരള പോലീസ് വിവരമറിയുന്നത്. മൃതദേഹം ചെങ്കൽപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. തിരുവല്ല എസ്.ഐ. വിനോദ്, വെച്ചൂച്ചിറ എസ്.ഐ. അഷറഫ്, പെരിനാട് പോലീസ് കോൺസ്റ്റബിൾ ബിജു മാത്യു, ലിജു എന്നിവരാണ് സംഘത്തിലുള്ളത്. കൊല്ലപ്പെട്ട യുവതി മൂക്കുത്തി ധരിച്ചിട്ടുണ്ട്. എന്നാൽ, ജെസ്ന മൂക്കുത്തി ധരിച്ചിരുന്നില്ല. 28-ന് രാത്രി പോലീസ് പട്രോൾസംഘമാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. രണ്ടുപേർ ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന വിവരവും ലഭിച്ചിരുന്നതായി ചെങ്കൽപ്പെട്ട താലൂക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഘുനാഥൻ പറഞ്ഞു. മൃതദേഹത്തിനുസമീപത്തുനിന്ന് വസ്ത്രങ്ങൾ അടങ്ങിയ സ്യൂട്ട്കെയ്സും കണ്ടെത്തി.
ജെസ്‌നയെ കാത്തിരിക്കുന്ന കുടുംബത്തിനും നാട്ടുകർക്കും ആശ്വസിക്കാം, എങ്കിലും അവൾ എവിടെ എന്ന ചോദ്യം ഇന്നും ബാക്കി നിൽക്കുന്നു.