video
play-sharp-fill
ഒടുവിൽ കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥിപ്പട്ടികയായി: ജയരാജനെ നേരിടാൻ കെ.മുരളീധരൻ; മുല്ലപ്പള്ളി പിന്മാറിയിടത്ത് പോരാടി വിജയിക്കാൻ മുരളിയെത്തുന്നു: മുരളി വിജയിച്ചാൽ വട്ടിയൂർക്കാവ്  പിടിച്ചെടുക്കാൻ തന്ത്രമൊരുക്കി ബിജെപി: പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപി എം.എൽ.എമാരുടെ എണ്ണം മൂന്നാകുമോ..?

ഒടുവിൽ കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥിപ്പട്ടികയായി: ജയരാജനെ നേരിടാൻ കെ.മുരളീധരൻ; മുല്ലപ്പള്ളി പിന്മാറിയിടത്ത് പോരാടി വിജയിക്കാൻ മുരളിയെത്തുന്നു: മുരളി വിജയിച്ചാൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാൻ തന്ത്രമൊരുക്കി ബിജെപി: പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപി എം.എൽ.എമാരുടെ എണ്ണം മൂന്നാകുമോ..?

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എംഎൽഎമാരെ നിർത്തിയുള്ള കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പരീക്ഷണം ഗുണം ചെയ്യുക ബിജെപിയ്‌ക്കോ..? ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള സീറ്റിലെ എംഎൽഎയായ കെ.മുരളീധരനെ വടകര മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ പ്രതീക്ഷ പൂത്തുലഞ്ഞത് ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമാണ്. വടകരയിൽ മുരളി വിജയിക്കുകയും, വട്ടിയൂർക്കാവിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് വരികയും ചെയ്താൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂർക്കാവ് അപ്രാപ്യമാവില്ലെന്ന് ഉറപ്പിച്ചാണ് ഇക്കുറി ബിജെപി തയ്യാറെടുക്കുന്നത്. ഇതിനായി വടകരയിൽ ജയരാജനെതിരെ മുരളിയെ രഹസ്യമായി പോലും ബിജെപി പിൻതുണച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇതു കൂടാതെയാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രതീക്ഷകൾ. ശബരിമല സമരത്തിലൂടെ ഹൈന്ദവ വിശ്വാസികളുടെ നേതാവായി ഉയർന്ന കെ.സുരേന്ദ്രൻ തന്നെയാവും മഞ്ചേശ്വരത്തും മത്സരിക്കുക. നേരിയ വ്യത്യാസത്തിനു കഴിഞ്ഞ തവണ കൈവിട്ട മഞ്ചേശ്വരം ഇക്കുറി തിരികെ പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടപ്പുകളിലൂടെ മൂന്ന് സീറ്റ് തങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.
സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന കടുത്ത സമ്മർദ്ദം ഉണ്ടായിട്ടും ഒഴിഞ്ഞു മാറിയതിനെ തുടർന്നാണ് കെ.മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ പി.ജയരാജനെതിരെ മത്സരിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ വേണെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെ.മുരളീധരനെ തന്നെ സ്ഥാനാർത്ഥിയാക്കി ഹൈക്കമാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
വയനാട് ടി സിദ്ദിഖും ആലപ്പുഴ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മൽസരിക്കും. വയനാട് സീറ്റിലേക്കും സ്ഥാനാർത്ഥിയെ തീരുമാനിച്ചത് കടുത്ത ഗ്രൂപ്പ് പോരിന് ശേഷമാണ്. ടി സിദ്ദിഖിന്റെ പേര് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല ഇന്നലെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെതിരെ വടകരയിൽ മത്സിക്കാൻ സ്ഥാനാർത്ഥിയെ കിട്ടാതെ കടുത്ത പ്രതിസന്ധിയിലായിരുന്നു കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്റെ പേരാണ് പറഞ്ഞ്കേട്ടത്. പിന്നീട് കെ പിസിസി സെക്രട്ടറി കെ പ്രവീൺകുമാർ അടക്കം നിരവധിപേരുകൾ പരിഗണിച്ചു.സ്ഥാനാർത്ഥിയാക്കാൻ വി എം സുധീരനേയും സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. മുല്ലപ്പള്ളിയെ മൽസരിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫാക്സ്സന്ദേശമാണ് ഇന്നലെ എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്. കെപിസിസി പ്രസിഡന്റ് ആയതിനാൽ എല്ലാ മണ്ഡലത്തിന്റെയും ചുമതല ഉണ്ടെന്നും അതിനാൽ മത്സരിക്കുന്നില്ലെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റവും ഒടുവിൽ മുരളീധരന് തന്നെ നറുക്ക് വീണത്.