ജസ്നയുടെ തിരോധാനം: യുവതിയുടെ  സുഹൃത്തായ  യുവാവിന് നുണപരിശോധന

ജസ്നയുടെ തിരോധാനം: യുവതിയുടെ സുഹൃത്തായ യുവാവിന് നുണപരിശോധന

കോട്ടയം: ജസ്നയുടെ തിരോധാനത്തിൽ  പൊലീസിന്  നിർണായക സൂചന. സംഭവവുമായി ബന്ധപ്പെട്ട് ജസ്നയുടെ സുഹൃത്തും  സഹപാഠിയുമായ  യുവാവിനെ നുണ  പരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ജെസ്‌നയെ കാണാതാകുന്നതിനു തൊട്ടുമുമ്പും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ചെന്നൈയിലുള്ള മറ്റൊരു മലയാളി ജെസ്‌നയെ മാര്‍ച്ച് 26ന് ചെന്നൈ അയനാവരത്ത് കണ്ടതായി വെളിപ്പെടുത്തി. കോയിന്‍ ബോക്‌സില്‍ വച്ചാണത്രേ പെണ്‍കുട്ടിയെ കണ്ടത്.
ജെസ്‌ന ബന്ധുക്കളെ ഒഴികെ ഏറ്റവുമധികം വിളിച്ച യുവാവിനെയാണ് പോലീസ് നുണപരിശോധനയ്ക്കു വിധേയനാക്കുന്നത്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ഇയാളുടെ ആവര്‍ത്തിച്ചുള്ള മറുപടി. ജെസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും പോലീസ് സൂചന നല്‍കി. ഇയാള്‍ എന്തൊക്കെയോ മറയ്ക്കുന്നതായ സംശയം പോലീസിനുണ്ട്. അതിനിടെ. ജെസ്‌നയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഇന്നു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യും.
ചെന്നൈയില്‍ നിന്ന് അവകാശവാദവുമായി എത്തിയത് അലക്‌സ് എന്ന ചെറുപ്പക്കാരനാണ്. അയാള്‍ പറയുന്നതിങ്ങനെ- അയനാവരത്ത് വെള്ളല സ്ട്രീറ്റിലെ കടയില്‍ ഫോണ്‍ ചെയ്യുന്ന ജെസ്‌നയെ കണ്ടിരുന്നു. ഇക്കാര്യം പിറ്റേദിവസം എരുമേലി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മാര്‍ച്ച് 26നു വൈകിട്ട് 7.45നും എട്ടിനുമിടയില്‍ സാധനങ്ങള്‍ വാങ്ങാനായി കടയിലെത്തിയപ്പോഴാണു ജെസ്‌നയെ കണ്ടത്. കടയിലെ ടെലിഫോണില്‍നിന്ന് ആരെയോ വിളിച്ചശേഷം റിസീവര്‍ താഴെ വച്ചു.
ജെസ്‌നയെ കാണാതായ വാര്‍ത്ത പിറ്റേദിവസം കണ്ടപ്പോഴാണ് തലേന്നു കണ്ട, കണ്ണടവച്ച, കമ്മലിടാത്ത പെണ്‍കുട്ടിയുടെ ചിത്രം മനസിലേക്കു വന്നത്. ജെസ്‌ന മൊബൈല്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നു വായിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഉടന്‍ ഫോട്ടോയുമായി കടയുടമ ഷണ്‍മുഖവേലനെ കണ്ടു. പെണ്‍കുട്ടിയെ അദ്ദേഹവും തിരിച്ചറിഞ്ഞു. ഓട്ടോയില്‍ വന്നിറങ്ങി ഫോണ്‍ ചെയ്തശേഷം പെരിയാര്‍ നഗര്‍ അഞ്ചാം സ്ട്രീറ്റിലേക്കുള്ള വഴി ചോദിച്ചാണു പോയതെന്ന് അദ്ദേഹം ഓര്‍മിച്ചു. തമിഴില്‍ത്തന്നെയാണു കുട്ടി സംസാരിച്ചത്- അലക്‌സ് പറയുന്നു.