സാറേ..ജസ്നയെ വേളാങ്കണ്ണി പള്ളിയിൽ കണ്ടു, കോട്ടയം ബസ്റ്റാൻഡിൽ ഇരിക്കുന്നുണ്ട്..; വ്യാജനിൽ വലഞ്ഞ് പോലീസ്

സാറേ..ജസ്നയെ വേളാങ്കണ്ണി പള്ളിയിൽ കണ്ടു, കോട്ടയം ബസ്റ്റാൻഡിൽ ഇരിക്കുന്നുണ്ട്..; വ്യാജനിൽ വലഞ്ഞ് പോലീസ്

സ്വന്തം ലേഖകൻ

കോട്ടയം: ജെസ്നയുമായി ബന്ധപ്പെട്ട വ്യാജ ഫോൺവിളികളിൽ വലഞ്ഞ് അന്വേഷണസംഘം. കോട്ടയം ബസ് സ്റ്റാൻഡിൽ ജസ്ന തിരുവല്ലയ്ക്കുള്ള ബസ് കാത്തിരിക്കുന്നുണ്ടെന്നാണ് ഇന്നലെ അവസാനമായി അന്വേഷണ സംഘത്തിന് ലഭിച്ച സന്ദേശം. കേസന്വേഷിക്കുന്ന തിരുവല്ല ഡി.വൈ.എസ്.പി
ചന്ദ്രശേഖരപിള്ളയുടെ മൊബൈൽ ഫോണിലേക്കാണ് കൂടുതൽ ഫോൺകോളുകളെത്തിയത്. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ജെസ്നയെ കണ്ടതായുള്ള നിരവധി ഫോൺകോളുകൾ തന്റെ ഫോണിലേക്ക് എത്തിയതായി ഡി.വൈ.എസ്.പി
ചന്ദ്രശേഖരപിള്ള തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സന്ദേശം വരുന്ന എല്ലായിടത്തും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽനിന്നും ചെന്നൈയിൽനിന്നുമാണു കൂടുതൽ വ്യാജ ഫോൺകോളുകൾ. വേളാങ്കണ്ണി, ഗോവ എന്നിവിടങ്ങളിൽനിന്നും ഫോൺകോളുകളെത്തി. തിരോധാനവുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വിവരവും പോലീസിന്റെ പക്കലില്ലാത്തതിനാൽ എല്ലാസന്ദേശങ്ങളും വളരെ ഗൗരവപൂർവമാണു പോലീസ് പരിശോധിക്കുന്നത്. ഇന്നലെ കോട്ടയം ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നുണ്ടെന്ന സന്ദേശത്തെ തുടർന്നു ഉടൻതന്നെ പോലീസ് അവിടെ എത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായില്ല.