play-sharp-fill
കാണാതായ ജെസ്‌നയെ സംബന്ധിച്ചുള്ള നിർണ്ണായക വിവരം പുറത്ത്: സിസിടിവിയിൽ കണ്ടത് ജെസ്‌നയെയല്ല; കാണാതായത് പുഞ്ചവയലിലെ വീട്ടിലെത്തും മുൻപ്

കാണാതായ ജെസ്‌നയെ സംബന്ധിച്ചുള്ള നിർണ്ണായക വിവരം പുറത്ത്: സിസിടിവിയിൽ കണ്ടത് ജെസ്‌നയെയല്ല; കാണാതായത് പുഞ്ചവയലിലെ വീട്ടിലെത്തും മുൻപ്

സ്വന്തം ലേഖകൻ

കോട്ടയം: മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്‌നയെ സംബന്ധിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചന. മുണ്ടക്കയത്തെ സിസിടിവിൽ കണ്ടത് ജെസ്‌നയെ അല്ലെന്ന് കണ്ടെത്തിയത് വലിയൊരു ദുരൂഹത കൂടിയാണ് നീങ്ങിയിരിക്കുന്നത്. വീട്ടിൽ നിന്നും ഇറങ്ങിയ ജെസ്‌ന വേഷം മാറി എന്നതായിരുന്നു ഈ സിസിടിവിയിലെ നിഗമനം. എന്നാൽ, ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ക്രൈംബ്രാഞ്ച് സംഘത്തിനും ആശ്വാസമായിട്ടുണ്ട്.
ജെസ്നയുടെ തിരോധാനത്തിൽ പ്രാദേശിക ബന്ധം ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. പുഞ്ചവയൽ, പുലിക്കുന്ന് എന്നിവിടങ്ങളിൽ എവിടെയെങ്കിലും വച്ചാകാം ജെസ്നയെ കാണാതായതെന്നാണ് വിലയിരുത്തൽ. മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ജെസ്‌നയല്ല എന്നുറപ്പിച്ചിട്ടുമുണ്ട്.
കാണാതായ ദിവസം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് ജെസ്ന പോയിട്ടുണ്ടാകുമെന്ന് അന്വേഷണ സംഘത്തിന്റെ സംശയം. ബന്ധുവീട്ടിൽ എത്തുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്നാണ് സംഘം അന്വേഷിക്കുക. ബസിറങ്ങി ബന്ധുവീട്ടിൽ എത്തുന്നതിനു മുൻപ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായോ എന്നതിൽ ശാസ്ത്രീയമായ വിലയിരുത്തൽ നടത്തുകയാണ് അന്വേഷണ സംഘം. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ, നാട്ടുകാരും ഇതരസംസ്ഥാനക്കാരുമായ തൊഴിലാളികൾ എന്നിവരോട് പോലീസ് കാര്യങ്ങൾ ചോദിച്ചു.
അന്ന് രാവിലെ 10.45നു മുണ്ടക്കയം ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട യുവതി ജെസ്‌നയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ജെസ്‌ന മുണ്ടക്കയം സ്റ്റാൻഡിൽ എത്തിയിട്ടില്ലെന്നും അതിനു മുൻപ് പത്തോടെ ജെസ്‌ന അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളിൽ ഉൾപ്പെട്ടതായുമാണ് പോലീസ് സംശയിക്കുന്നത്.