ജല്ലിക്കെട്ടിന് അനുമതി നൽകിക്കൊണ്ടുള്ള നിയമം ശരിവെച്ച് സുപ്രീംകോടതി,തമിഴ്നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകിക്കൊണ്ടുള്ള നിയമം ശരിവെച്ച് സുപ്രീംകോടതി. തമിഴ്നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ജല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്സുപ്രീംകോടതി വിലയിരുത്തി. തമിഴ്നാട് സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാന സർക്കാരുകളാണ് ജല്ലിക്കെട്ടിന് നിയമസാധുത നൽകിക്കൊണ്ട് നിയമം കൊണ്ടുവന്നത്. ജല്ലിക്കെട്ട് നിയമവിധേയമാക്കിയതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ ‘പെറ്റ’ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടങ്ങൾ 2017 എന്നീ നിയമങ്ങൾക്കെതിരെയായിരുന്നു ഹർജികൾ. സംഘടനകളുടെയും തമിഴ്നാട് സർക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറിൽ കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ൽ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചത്.