നിയമന വിവാദം: മന്ത്രി ജലീലിന്റെ ബന്ധുവും സുധാകരന്റെ ഭാര്യയും രാജി വച്ചു; സർക്കാർ വീണ്ടും പ്രതിസന്ധിയിലേയ്ക്ക്: പ്രതിപക്ഷം കോടതിയിൽ പോയാൽ ജലീൽ രാജി വയ്‌ക്കേണ്ടി വരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാരിനെ പിടിച്ചു കുലിക്കി വീണ്ടും ബന്ധുനിയമന വിവാദങ്ങൾ. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിന്റെയും, മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെയും നിയമനങ്ങളാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ആദ്യമായി സർക്കാരിൽ നിന്നു രാജി വയ്‌ക്കേണ്ടി വന്ന ഇ.പി ജയരാജൻ മന്ത്രി സ്ഥാനത്ത് തിരികെ എത്തിയപ്പോഴാണ് രണ്ടു മന്ത്രിമാർ രാജിയുടെ വക്കിലെത്തി നിൽക്കുന്നത്. ഇ.പി ജയരാജൻ, ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരുടെ രാജിയ്ക്ക് പിന്നാലെ മറ്റൊരു മന്ത്രി കൂടി രാജി വയ്‌ക്കേണ്ടി വരുന്നത് സർക്കാരിനെ കടുത്ത പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടും. ഇത് ഒഴിവാക്കാനാണ് സിപിഎമ്മും ഇടതു മുന്നണിയും ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ശ്രമങ്ങൾ.
നിയമനം വിവാദമായതോടെ മന്ത്രി ബന്ധു കെ.ടി അബീദ് രാജി വച്ചിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനത്തു നിന്നാണ് ഇദ്ദേഹം ഇപ്പോൾ രാജി വച്ചിരിക്കുന്നത്. നിയമനം വിവാദമാകുകയും, യൂത്ത്‌ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിപക്ഷവുമായി രംഗത്ത് എത്തിയതോടെയാണ് മന്ത്രിയെ രക്ഷിക്കാനായി അബീദ് രാജി വച്ചിരിക്കുന്നത്. എന്നാൽ, അബീദിന്റെ രാജി സർക്കാരിനെയും മന്ത്രിയെയും കൂടുതൽ പ്രതിസന്ധിയിലാക്കും. തെറ്റ് ചെയ്‌തെന്ന് ബോധ്യമായതിനാലാണ് ഇപ്പോൾ അബീദ് രാജി വച്ചതെന്നാണ് രാഷ്ട്രീയ കക്ഷികൾ ആരോപണം ഉന്നയിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പ്രതിഷേധം ഇപ്പോൾ ശക്തമായപ്പോൾ മന്ത്രിയ്ക്ക് രാജി വയ്ക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.
മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെ രാജിയും സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരള സർവകലാശാല ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആൻഡ് ടീച്ചർ എഡ്യുക്കേഷന്റെ ഡയറക്ടർ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയും രാജി വച്ചിട്ടുണ്ട്. വിഷയത്തിൽ സുധാകരനെതിരെ നേരിട്ട് ആരോപണം ഉയർന്നിട്ടില്ലെങ്കിലും ഇതും സർക്കാരിന്റെ പ്രതിഛായയെ ബാധിച്ച വിഷയങ്ങളാണ്.