video
play-sharp-fill

ജലസംഗമം; വിദഗ്ധ സംഘം ബുധനാഴ്ച്ച കോട്ടയത്ത്

ജലസംഗമം; വിദഗ്ധ സംഘം ബുധനാഴ്ച്ച കോട്ടയത്ത്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഹരിത കേരളം മിഷന്‍ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവന- ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി തിരുവനന്തപുരത്ത് നടക്കുന്ന ജലസംഗമത്തില്‍  പങ്കെടുക്കുന്ന വിദഗ്ധര്‍  കോട്ടയം ജില്ലയിലെ മീനച്ചിലാര്‍-മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി മേഖലകളില്‍ ബുധനാഴ്ച്ച സന്ദര്‍ശനം നടത്തും. മാതൃകാ പദ്ധതി എന്ന നിലയിലാണ് ജനപ്രതിനിധികളും രാജ്യത്തെ ഐഐടികളില്‍ നിന്നുളള ഗവേഷകരും ഉള്‍പ്പടെ 60ഓളം  പേരടങ്ങുന്ന സംഘം പ്രവര്‍ത്തന പുരോഗതി നേരിട്ട് കാണാന്‍ എത്തുന്നത്.
രാവിലെ 10.30ന് കോട്ടയം തിരുനക്കര  സഹകരണ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇതുവരെയുളള പദ്ധതി പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തം പ്രതിനിധികള്‍ക്കു വേണ്ടി അവതരിപ്പിക്കും. തുടര്‍ന്ന് തിരുനക്കരക്ഷേത്ര മൈതാനത്ത് പദ്ധതി മേഖലകളിലേക്കുളള യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി ഫ്ളാഗ് ഓഫ് ചെയ്യും.
തരിശുനില കൃഷി നടപ്പാക്കിയ ഈരയില്‍ക്കടവ് പൂഴിക്കുന്നിലാണ് ആദ്യ സന്ദര്‍ശനം. തരിശുനില കൃഷിക്ക് ഒരുങ്ങുന്ന കൊല്ലാട് പാടം, കഞ്ഞിക്കുഴി തോട് കൊടൂരാറില്‍ വന്ന് ചേരുന്ന മാര്‍ ബസേലിയോസ് സ്കൂള്‍ പരിസരം, കഞ്ഞിക്കുഴി പാലം ഭാഗം, കഞ്ഞിക്കുഴി തോട് – ജൂബിലി കലുങ്ക്, ഇറഞ്ഞാല്‍ പാലം (മീനന്തറയാര്‍), എലിപ്പുലിക്കാട്ട് കടവ്, തരിശുനില കൃഷി നടത്തുന്ന വടവാതൂര്‍ ബണ്ട് പ്രദേശം, നാലുമണിക്കാറ്റ്- മണര്‍കാട് പാലമുറി പാലം, അമയന്നൂര്‍ സ്പിന്നിംഗ് മില്‍, അമയന്നൂര്‍ ആറാട്ടുകടവ് – ചപ്പാത്ത്, അമയന്നൂര്‍ കൊറ്റത്തില്‍ പുരയിടം, മടയ്ക്കല്‍ തോട് (ആറുമാനൂര്‍), നീറിക്കാട്- പഴുമാലില്‍ തണലോരം പദ്ധതി, ഐരാറ്റുനട, പുതുപ്പള്ളി- മാങ്ങാനം- മുണ്ടകപ്പാടം, പുതുപ്പള്ളി പള്ളി, വാകത്താനം കടവോരം പദ്ധതി, പടിയറക്കടവ് ജല ടൂറിസം പദ്ധതി, മലരിക്കല്‍ ജനകീയ ടൂറിസം പദ്ധതി, തിരുവാര്‍പ്പ്- പഴയാര്‍, ചിങ്ങവനം പുത്തന്‍പാലം  എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തും.