
വീണ്ടും ചാവേറുകളാവാന്‍ വിധിക്കപ്പെട്ടവര്‍; വി.പി സാനു മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും; ജെയ്ക് സി തോമസിന് ഇത്തവണയും പുതുപ്പള്ളി; എസ്എഫ്‌ഐ, എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചാവേര്‍പ്പടയോ?
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ
കോട്ടയം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നുള്ള മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ടിക്കറ്റില്‍ വി.പി സാനു മത്സരിക്കും. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ടും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
2019-ല്‍ കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടിന് തോറ്റെങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനു മണ്ഡലത്തിലെ പുതുവോട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് സ്വന്തമാക്കിയപ്പോള്‍ സാനു 3,29,720 വോട്ട് നേടി. 2019 തെരഞ്ഞെടുപ്പിലെ പ്രചരണ പരിചയവുമുള്ള വി.പി സാനുവിന്റെ സാന്നിധ്യവും നിലവിലെ രാഷ്ട്രീയ സാഹചര്യവും മലപ്പുറത്ത് മുതലെടുക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എം.പി അബ്ദുസ്സമദ് സമദാനിയെ ആണ് പരിഗണിക്കുന്നത് എന്നാണ് സൂചന.
ജെയ്ക് സി തോമസ് തന്നെയാണ് ഇക്കുറിയും പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.1970 മുതല്‍ തുടര്‍ച്ചയായി ഉമ്മന്‍ചാണ്ടി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ 27,092 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. പുതുപ്പള്ളിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ മേല്‍ക്കൈ നിയമസഭയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ മണ്ഡലത്തില്‍ വിജയിക്കുന്നതിനോടൊപ്പം സംസ്ഥാനത്ത് യുഡിഎഫിനെ ഭരണത്തിലെത്തിക്കുകയെന്ന വലിയ ദൗത്യവും ഉമ്മന്‍ചാണ്ടിയുടെ ചുമലിലാണ്.
യുവജനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്ന് പലവട്ടം ആവര്‍ത്തിക്കുമ്പോഴും യുഡിഎഫിലെ അതികായന്മാരോട് മത്സരിക്കാന്‍ എസ്എഫ്‌ഐയിലെ വളര്‍ന്നുവരുന്ന യുവനേതാക്കളെ ഉപയോഗപ്പെടുത്തുന്നത് എല്‍ഡിഎഫിന്റെ മാറ്റാനാകാത്ത ശീലമാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ളയിടത്തെല്ലാം യുവനേതാക്കളെ ചാവേറുകളാക്കുകയാണ് നേതൃത്വം.