
അമൃതാനന്ദമയി മഠത്തിലേയ്‌ക്കെത്തിയ ജർമ്മൻ സ്വദേശിയുടെ തിരോധാനം: ലിസ വെയ്‌സിന് ഐ.എസ് തീവ്രവാദി ബന്ധമെന്ന് സംശയം; അന്വേഷണം ശക്തമാക്കി പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമൃതാനന്ദമയീ മഠത്തിലേയ്ക്ക് പോകാനായി സംസ്ഥാനത്ത് എത്തിയ ജർമ്മൻ സ്വദേശിയുടെ തിരോധാനത്തിൽ ദുരൂഹത ഇപ്പോഴും തുടരുന്നു. ജർമ്മൻ സ്വദേശിയായ യുവതിയ്ക്ക് ഐ.എസ് തീവ്രവാദി ബന്ധമുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്‌സിനെ കാണാതായതു സംബന്ധിച്ച് മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു.
മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ മാർച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് എവിടെയെന്നു വിവരമില്ല. ലിസയെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയ ടാക്‌സി ഡ്രൈവറെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാൾ കേരളത്തിൽ എത്തുമ്പോൾ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ മാർച്ച് 15-ന് തിരികെപോയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കാണാതായ ജർമൻ സ്വദേശിനി ലിസ വെയ്‌സിനായി ഇന്റർപോൾ കേരള പൊലീസിന്റെ ആവശ്യപ്രകാരം യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. നേപ്പാളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന്റെ തീരുമാനം. തീവ്രവാദബന്ധം സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ലിസ വെയ്സിനു തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നതു കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് െബഹ്റ പറഞ്ഞു.
യുവതിയെക്കുറിച്ച് വിദേശത്തുനിന്നു വിവരങ്ങൾ ശേഖരിക്കാൻ സാങ്കേതികതടസ്സം നേരിടുന്നുണ്ട്. ലിസയുടെ അമ്മയുമായും മുൻ ഭർത്താവുമായും ബന്ധപ്പെടാനുള്ള നടപടികൾ ജർമൻ കോൺസുലേറ്റ് മുഖേന സ്വീകരിച്ചിട്ടുണ്ട്. ലിസ എങ്ങോട്ടുപോയി, എങ്ങനെ പോയി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി. പറഞ്ഞു.
ലിസ വെയ്‌സ് മാർച്ച് 7ന് തിരുവനന്തപുരത്തെത്തി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, പക്ഷെ തിരിച്ചുപോയിട്ടില്ലെന്ന് ഉറപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്വേഷണത്തിനായി കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയതും അവർ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതും. ഇനി ലിസയുടെ ഫോട്ടോയടക്കമുള്ള വിവരങ്ങൾ ഇന്റർപോളുമായി ബന്ധമുള്ള മുഴുവൻ രാജ്യങ്ങളിലെ പ്രധാന അന്വേഷണ ഏജൻസിക്ക് കൈമാറും. ഇതോടെ ലോകവ്യാപക തിരച്ചിലിന് അവസരമൊരുങ്ങും.