അംബാനിയുടെ മകളുടെ വിവാഹം; ചാൾസിന്റെയും ഡയാനയുടെയും വിവാഹത്തെ കടത്തിവെട്ടും
സ്വന്തം ലേഖകൻ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതൽ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം അക്കാര്യത്തിൽ ബ്രിട്ടിഷ് രാജകുമാരൻ ചാൾസിന്റെയും ഡയാനയുടെയും 37 വർഷം മുൻപു നടന്ന വിവാഹത്തെ കടത്തിവെട്ടും. ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിന്റെ മകൻ ആനന്ദാണു ഇഷയുടെ വരൻ. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ പാലസിലാണ് പ്രധാനവിവാഹച്ചടങ്ങ്. നഗരത്തിലെ പ്രശസ്തമായ ഈ 27 നിലകെട്ടിടത്തിൽ കനത്ത സുരക്ഷയാണു ഒരുക്കിയിരിക്കുന്നത്. പ്രണബ് മുഖർജി, പ്രകാശ് ജാവഡേക്കർ, വിജയ് റൂപാണി, ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖരുൾപ്പെടെ 600 അതിഥികളാണു വിവാഹത്തിൽ പങ്കെടുക്കുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ വിവാഹപൂർവ ചടങ്ങുകളിൽ ബിയോൺസ് നൗൾസിനെപ്പോലുള്ള രാജ്യാന്തര സെലിബ്രിറ്റികൾ, ഹിലറി ക്ലിന്റൻ, ഹെൻറി ക്രാവിസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. വിശിഷ്ടാതിഥികൾക്കു താമസമൊരുക്കാനായി അഞ്ചിലധികം പഞ്ചനക്ഷത്രഹോട്ടലുകൾ വാടകയ്‌ക്കെടുത്തിരുന്നു. നൂറിലധികം ചാർട്ടേഡ് വിമാനങ്ങളാണ് ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയർപോർട്ടിൽ നിന്ന് അതിഥികൾക്കായി പറന്നുപൊങ്ങിയത്. കഴിഞ്ഞ ദിവസം വിശക്കുന്ന വയറുകൾക്ക് അന്നം നൽകിയാണ് മുകേഷ് അംബാനി തന്റെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ‘അന്ന സേവ’ എന്ന പേരിലാണ് നിർദ്ധനർക്ക് ഭക്ഷണ വിതരണം നടത്തുന്നത്. ഡിസംബർ ഏഴ് മുതൽ 10 വരെ നടക്കുന്ന അന്നദാനത്തിൽ 5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. അംബാനി കുടുംബാംഗങ്ങളും പിരമൽ കുടുംബവും ചേർന്നാണ് അന്ന സേവയിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group