play-sharp-fill
ഇറഞ്ഞാലിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ സംഭവം: കാർ തലകീഴായി മറിഞ്ഞ് കാറിനുള്ളിലുണ്ടായിരുന്ന വയോധികൻ മരിച്ചു; മരിച്ചത് ഈരാറ്റുപേട്ട സ്വദേശിയായ മുൻ സിപിഎം ഏരിയ സെക്രട്ടറി

ഇറഞ്ഞാലിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ സംഭവം: കാർ തലകീഴായി മറിഞ്ഞ് കാറിനുള്ളിലുണ്ടായിരുന്ന വയോധികൻ മരിച്ചു; മരിച്ചത് ഈരാറ്റുപേട്ട സ്വദേശിയായ മുൻ സിപിഎം ഏരിയ സെക്രട്ടറി

സ്വന്തം ലേഖകൻ
കോട്ടയം: പാറമ്പുഴ ഇറ്ഞ്ഞാലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം മുൻ ഏറിയ സെക്രട്ടറി മരിച്ചു.
സിപിഎം മുൻ ഏറിയ സെക്രട്ടറിയും സിഐടിയു ജില്ലാ കമ്മിറ്റിയംഗവുമായ  തിടനാട് കൊണ്ടൂർ കണ്ടത്തിൽ കെ ആർ  ശശിധരൻ(65) ആണ് മരിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ റസിഡൻസ് അസോസിയേഷനുകളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാറമ്പുഴ ഇറഞ്ഞാൽ പാലത്തിൽ നിന്നും തോട്ടിലേയ്ക്കു തലകുത്തി മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശശിധരൻ രാത്രി ഒൻപതരയോടെയാണ് മരിച്ചത്. ശശിധരനൊപ്പമുണ്ടായിരുന്ന പാലാ സ്വദേശി ജോണിസി നോബിൾ (53), പ്രവിത്താനം സ്വദേശി ജോയി തോമസ് (70)എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കഞ്ഞിക്കുഴി – പാറമ്പുഴ റോഡിലായിരുന്നു അപകടം. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു വിളിച്ചു ചേർന്ന റസിഡൻസ് അസോസിയേഷനുകളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് നാലംഗ സംഘം പാലാ പ്രദേശത്തു നിന്നും കോട്ടയത്തേയ്ക്കു പുറപ്പെട്ടത്.
ഇറഞ്ഞാൽ പാലത്തിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ പാലത്തിന്റെ കൈവരിയ്ക്കു സമീപത്തെ റോഡിലൂടെ താഴേയ്ക്കു പതിക്കുകയായിരുന്നു. കൈവരിയില്ലാത്ത ഭാഗത്തിലൂടെ തോടിന്റെ വെള്ളമില്ലാത്ത ഭാഗത്ത് വാഹനം ഇടിച്ചു വീണു.
തലകുത്തിയാണ് വാഹനം മറിഞ്ഞു വീണത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മരിച്ച ശശിധരനെയും, മറ്റുള്ള രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, ലിവർ സിറോസിസ് രോഗബാധിതനായ ശശിധരന്റെ ശരീരത്തിൽ മരുന്നുകളോന്നും നൽകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കൃത്യമായ ചികിത്സയും സാധിച്ചില്ല.
സിപിഐ എം തിടനാട് ലോക്കൽ കമ്മിറ്റിയംഗമായ ഇദ്ദേഹം സിഐടിയു പൂഞ്ഞാർ മുൻ ഏരിയ പ്രസിഡന്റ്, അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ  മുൻ ജില്ലാ പ്രസിഡന്റ്, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്,  കേന്ദ്ര കമ്മിറ്റിയംഗം, പാലാ ഡിവിഷൻ സെക്രട്ടറി, കെഎസ്ഇബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കോണ്ടൂർ നാഷണൽ ലൈബ്രറി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം വെള്ളിയാഴ്ച പകൽ 11ന് സിപിഐ എം പൂഞ്ഞാർ ഏരിയകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്‌കാരം പകൽ മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: സുലോചന. തലനാട് സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറി. തലനാട് മരയാട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ വിശാഖ് (അധ്യാപകൻ എൻഎസ്എസ് എച്ച്എസ്എസ് വാരപ്പട്ടി), വിഷ്ണു(പിഎച്ച്ഡി വിദ്യാർഥി). മരുമകൾ: ദിവ്യ(എൻഎസ്എസ് എച്ച്എസഎസ് കറുകച്ചാൽ).