സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി ഇല്ലെന്ന് പറഞ്ഞ് തള്ളിയിട്ടും ഐപിഎസിന് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടം പിടിച്ചു; പിന്നിൽ വൻ അട്ടിമറിയെന്ന് സൂചന; തുണയായത് ബിജെപി നേതാവും കേന്ദ്രസർക്കാരിൽ സ്വാധീനമുള്ള  അഭിഭാഷകനുമെന്ന് ആരോപണം

സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി ഇല്ലെന്ന് പറഞ്ഞ് തള്ളിയിട്ടും ഐപിഎസിന് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടം പിടിച്ചു; പിന്നിൽ വൻ അട്ടിമറിയെന്ന് സൂചന; തുണയായത് ബിജെപി നേതാവും കേന്ദ്രസർക്കാരിൽ സ്വാധീനമുള്ള അഭിഭാഷകനുമെന്ന് ആരോപണം

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി ഇല്ലെന്ന് പറഞ്ഞ് തള്ളിയിട്ടും ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയും ക്രൈംബ്രാഞ്ച് എസ്പിയുമായിരുന്ന എൻ. അബ്ദുൾ റഷീദ് ഐപിഎസിന് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടം പിടിച്ചതിന് പിന്നിൽ വൻ അട്ടിമറിയെന്ന് സൂചന.

ആഭ്യന്തര വകുപ്പ് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നിഷേധിക്കുകയും റഷീദിന്റെ അപേക്ഷ തള്ളുകയും ചെയ്തിട്ടും യുപിഎസ്സി പട്ടികയിൽ കടന്നു കൂടിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. ഇതിനായി റഷീദിനെ സഹായിച്ചത് ഒരു ബിജെപി നേതാവും കേന്ദ്രസർക്കാരിൽ സ്വാധീനമുള്ള എറണാകുളം സ്വദേശിയായ അഭിഭാഷകനുമാണെന്നും ആക്ഷേപമുയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ വാർഷിക രഹസ്യ റിപ്പോർട്ടി(എ.സി.ആർ)ലെ പരാമർശങ്ങൾ അപ്ഗ്രേഡ് ചെയ്തു കിട്ടണമെന്നായിരുന്നു റഷീദിന്റെ അപേക്ഷ. ഇതിനായി റഷീദ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകി. സംസ്ഥാന സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് ഹർജി തീർപ്പാക്കി. വാർഷിക രഹസ്യ റിപ്പോർട്ടിലെ പരാമർശങ്ങൾ അപ്ഗ്രേഡ് ചെയ്യണമെന്നായിരുന്നു റഷീദിന്റെ ആവശ്യം. ജൂൺ 13 ന് വന്ന ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ജൂൺ 22 നാണ് റഷീദ് ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകിയത്.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് റഷീദ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് മുന്നിൽ ഉന്നയിച്ചിരുന്നത്. 1. വാർഷിക രഹസ്യ റിപ്പോർട്ടിലെ പരാമർശങ്ങൾ തന്നെ അറിയിച്ചിരുന്നില്ല അതു കാരണം പുനപരിശോധനാ അപേക്ഷ സമയത്ത് നൽകാൻ കഴിഞ്ഞില്ല. 2. അപേക്ഷ നിരാകരിക്കാനുണ്ടായ കാരണം തന്നെ അറിയിച്ചിട്ടില്ല. നിയമപ്രകാരം ഇത് ശരിയല്ല. 3. ഇത്തരത്തിലുള്ള അപേക്ഷ പ്രകാരം സർക്കാർ ചില ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ട് അപ്ഗ്രേഡ് ചെയ്തുകൊടുത്തു. സമാനമായ ഒരു പരിഗണന തനിക്ക് ലഭിച്ചില്ല.

റഷീദിന്റെ അപേക്ഷ വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ അണ്ടർ സെക്രട്ടറി ആർ.എസ്. റുസി പറയുന്നു. റഷീദിന്റെ ആദ്യ വാർഷിക രഹസ്യ റിപ്പോർട്ടിൽ റിപ്പോർട്ടിങ് ഓഫീസർ വളരെ മികച്ചത് (വെരിഗുഡ്) എന്നും ഒന്നാം റിവ്യൂവിങ് ഓഫീസർ മികച്ചത് (ഗുഡ് ഓഫീസർ) എന്നും രേഖപ്പെടുത്തിയപ്പോൾ രണ്ടാം റിവ്യൂവിങ് ഓഫീസറായ എഡിജിപി തൃപ്തികരം (സാറ്റിസ്ഫാക്ടറി പെർഫോമൻസ്)എന്ന് തിരുത്തിയിട്ടുണ്ട്.

രണ്ടാം വാർഷിക റിപ്പോർട്ടിൽ റിപ്പോർട്ടിങ് ഓഫീസറും ഒന്നാം റിവ്യൂവിങ് ഓഫീസറും സ്ഥാനക്കയറ്റത്തിന് അനുയോജ്യൻ എന്നാണ് പരാമർശിച്ചിരിക്കുന്നത്. എഡിജിപിയാകട്ടെ ജോലിയിലെ പ്രകടനം തൃപ്തികരമായിരുന്നു (പെർഫോമൻസ് വാസ് ഗുഡ്)എന്നും എഴുതി. റിപ്പോർട്ടിലെ പരാമർശങ്ങൾ തന്നെ അറിയിച്ചിട്ടില്ലെന്ന വാദവും ആഭ്യന്തര വകുപ്പ് തള്ളി. ആദ്യ വാർഷിക റിപ്പോർട്ട് ‘ശ്രദ്ധിച്ചു’ എന്നെഴുതി പരാതിക്കാരൻ തന്നെ ഒപ്പു ചാർത്തിയിട്ടുണ്ട്. രണ്ടാം റിപ്പോർട്ടാകട്ടെ പരാതിക്കാരൻ സ്വന്തം പേരിൽ വിവരാവകാശ നിയമപ്രകാരം കരസ്ഥമാക്കിയിട്ടുമുണ്ട്. ഇതെല്ലാം കൈവശം വച്ച് നാലു വർഷം അനങ്ങാതെ ഇരുന്നതിന് ശേഷമാണ് പരാതിക്കാരൻ പുനപരിശോധനയ്ക്ക് അപേക്ഷ നൽകുന്നത്. എന്നിരുന്നാലും സർക്കാർ ഇത് രണ്ടു തവണ പുനഃപരിശോധിക്കാൻ തയാറായി. രണ്ടു തവണയും പരാതിക്കാരന്റെ നിവേദനം സർക്കാർ തള്ളുകയും ചെയ്തു.

മറ്റുള്ള ഉദ്യോഗസ്ഥരുടെ പരാതികൾ പുനപരിശോധിക്കുകയും അവർക്ക് നൽകിയ സമാനമായ പരിഗണന തനിക്ക് ലഭിക്കുകയും ചെയ്തില്ലെന്ന ആരോപണവും സർക്കാർ തള്ളി. എ. അബ്ദുൾ റാഷി, വി എം. സന്ദീപ്, കെ.എസ്. ഗോപകുമാർ, കെ.കെ. മൊയ്ദീൻ കുട്ടി എന്നീ ഉദ്യോഗസ്ഥർ സമാന സാഹചര്യത്തിൽ നൽകിയ വാർഷിക രഹസ്യ റിപ്പോർട്ട് പുനപരിശോധിക്കുന്നതിനുള്ള അപേക്ഷയും തള്ളിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. നാലു വർഷം പുനപരിശോധനയ്ക്ക് അപേക്ഷ നൽകാതിരുന്ന റഷീദ് ഐപിഎസ് സെലക്ഷൻ കമ്മറ്റി യോഗം നടക്കുന്നുവെന്ന് അറിഞ്ഞ് തിരക്കിട്ടാണ് രണ്ടു തവണ പുനപരിശോധനാ അപേക്ഷയുമായി വന്നത്.

ഗുഡ്സർവീസ് എൻട്രി കിട്ടിയിട്ടുണ്ടെന്ന പരാതിക്കാരന്റെ അവകാശവാദമെല്ലാം ആഭ്യന്തരവകുപ്പ് തള്ളി. റഷീദിന്റെ അപേക്ഷ പരിഗണനാർഹമല്ലെന്നും അതിനാൽ തള്ളന്നുവെന്നുമാണ് ഉത്തരവ്. ഡിജിപി നൽകിയ റിപ്പോർട്ടും റഷീദിന് എതിരായിരുന്നു. ഉണ്ണിത്താൻ വധശ്രമക്കേസിൽ റഷീദിനെ കുറ്റവിമുക്തനാക്കിയെങ്കിലും കേസ് അന്വേഷിച്ച സിബിഐ തന്നെ ഹൈക്കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയിട്ടുണ്ടെന്നും ഈ കേസിൽ റഷീദ് സസ്പെൻഷനിലായിരുന്നുവെന്നും ഡിജിപി പറയുന്നു.

സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി ഇല്ലെന്ന് പറഞ്ഞ് തള്ളിയ റഷീദ് എന്നിട്ടും ഐപിഎസ് സെലക്ഷൻ പട്ടികയിൽ ഇടം നേടിയതാണ് അമ്പരപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ യുപിഎസ്സി ചെയർമാന് മാത്രമേ ഇടപെട്ട് പട്ടികയിൽ വരുത്താൻ കഴിയൂവെന്നാണ് അറിയുന്നത്. അതിന് വേണ്ടി കേരളത്തിൽ നിന്നുള്ള ബിജെപി നേതാവും എറണാകുളത്ത് നിന്നുള്ള അഭിഭാഷകനും ഡൽഹിക്ക് വിമാനം കയറിയെന്നാണ് വിവരം.

റഷീദിനെ ഐപിഎസിന് പരിഗണിച്ചതിനെതിരേ മാധ്യമ പ്രവർത്തകൻ ജി. വിപിനൻ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ 23 ഉദ്യോഗസ്ഥരെ ഐപിഎസിന് പരിഗണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തു വന്നിട്ടില്ല. കോടതി യുപിഎസ് സിക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സർക്കാരിനെപ്പോലും ഹൈജാക്ക് ചെയ്തു കൊണ്ടുള്ള അട്ടിമറിയാണ് നടന്നിരിക്കുന്നത്.