
സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി വാളയാറിലെ അമ്മ ; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി എം.ജെ. സോജന് ഐ.പി.എസ് വിശദീകരണം തേടി ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി എം.ജെ. സോജന് ഐ.പി.എസ് നൽകുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ മാതാവിന്റെ കോടതിയലക്ഷ്യ ഹർജി.
സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുകയും തീരുമാനമെടുക്കുകയും ചെയ്യും മുമ്പ് തന്നെയും കേൾക്കണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് ആരോപിച്ചാണ് ഹർജി. ഹർജിക്കാരിയെയും കേൾക്കണമെന്ന് സെപ്റ്റംബർ 25ന് ഹൈകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ലെന്നാണ് ഹർജിയിൽ പറയുന്നത്. സർക്കാറിന്റെയടക്കം വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ജൂലൈ 24ലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.പി.എസ് സാധ്യത പട്ടികയിലുള്ള സോജന്റെ അപേക്ഷയിൽ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തയാറെടുക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
പീഡനത്തിനിരയായ തന്റെ പെൺമക്കളുടെ ദുരൂഹമരണം അന്വേഷിച്ച സോജൻ മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി നേരത്തേ ഹർജി നൽകിയിരുന്നു.
ഐ.പി.എസിന് ശിപാർശ ചെയ്യും മുമ്പേ ഹർജിക്കാരിയെയും കേൾക്കണമെന്ന് ഈ ഹർജിയിലാണ് കോടതി നിർദേശിച്ചത്. ചീഫ് സെക്രട്ടറി വി. വേണു, ആഭ്യന്തര അഡീ. സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരെ എതിർകക്ഷിയാക്കിയാണ് കോടതിയലക്ഷ്യ ഹർജി.