
ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥയേല്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
48 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. കാര്‍ത്തിക് ശര്‍മ (40 പന്തില്‍ പുറത്താവാതെ 54) റുതുരാജിന് നിര്‍ണായക പിന്തുണ നല്‍കി.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. മുംബൈ നാല് പോയിന്റമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ സഞ്ജു സാംസണിന്റെ (11) വിക്കറ്റ് നഷ്ടമായി. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണ് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാമനായി ക്രീസിലെത്തിയ ഉര്‍വില്‍ പട്ടേല്‍ 12 പന്തില്‍ 24 റണ്‍സ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അധികനേരം മുന്നോട്ട് പോയില്ല. ഗസന്‍ഫാറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. റുതുരാജിനൊപ്പം 49 റണ്‍സ് ചേര്‍ക്കാന്‍ ഉര്‍വിലിന് സാധിച്ചിരുന്നു.
ഉര്‍വില്‍ മടങ്ങിയെങ്കിലും ഗെയ്കവാദ് – കാര്‍ത്തിക് സഖ്യം ചേര്‍ന്ന് നേടിയ 98 റണ്‍സ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. റുതുരാജ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് വേണ്ടി നമന്‍ ധിര്‍ (37 പന്തില്‍ 57) മാത്രമാണ് തിളങ്ങിയത്. റിയാന്‍ റിക്കിള്‍ട്ടണ്‍ 37 റണ്‍സെടുത്തു. ചെന്നൈക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.







