
സ്വന്തം ലേഖിക
മലപ്പുറം: കേരളത്തിലെ കലാലയങ്ങളില്‍ നേരില്‍ കണ്ടാല്‍ കൊമ്ബുകോര്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘടനയിലെ നേതാക്കന്മാര്‍ ഒരുമിച്ച് നടത്തിയ മോഷണ കഥയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ മോഷണക്കേസില്‍ ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്താന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദത്തിലായിരിക്കുകയാണെന്ന് ചുരുക്കി പറയാം. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരടക്കം ഏഴ് വിദ്യാര്‍ത്ഥികളെയാണ് കോളേജിലെ മോഷണ കേസില്‍ പൊലീസ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11 ഇന്‍വര്‍ട്ടര്‍ ബാറ്ററികളും പ്രൊജക്ടറുകളുമാണ് കേളേജില്‍ നിന്നും മോഷണം പോയിരിക്കുന്നത്. ബാറ്ററികളെല്ലാം നേതാക്കളുള്‍പ്പെട്ട സംയുക്ത സംഘം ആക്രിക്കടയില്‍ വിറ്റ് കാശാക്കിയതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം കോളേജ് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.
ഒരു പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആറ് പേരുമാണ് കേസില്‍ പ്രതികള്‍. ആക്രിക്കടയില്‍ ഇവ വിറ്റ് കിട്ടിയ പണം മുഴുവന്‍ അന്ന് തന്നെ ഇവര്‍ ചെലവഴിച്ചു. പ്രൊജക്ടര്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടില്ല.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് പുറമെ മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും മോഷണക്കേസില്‍ പിടിയിലായിട്ടുണ്ട്. ഇവരെയെല്ലാം പുറത്താക്കിയെന്ന് മലപ്പുറം എസ്‌എഫ്‌ഐ ഏരിയാ കമ്മിറ്റി അറിയിച്ചു. എന്നാല്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിനെതിരെ കെഎസ്‌യു നേതൃത്വം ഇതുവരെ നടപടിയെടുത്തതായി അറിയിച്ചിട്ടില്ല. പ്രതികളെ കോടതിയില്‍ ഹാജരാക്കും. നഷ്ടപ്പെട്ട പ്രൊജക്ടറിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.