സ്വന്തം ലേഖകൻ
കൊച്ചി: കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ട്വന്റി-ട്വന്റി ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന് സസ്‌പെന്‍ഷൻ.
സര്‍വ്വകലാശാല അസിസ്റ്റന്റ് ലൈബ്രേറിയന്‍ വിഎസ് കുഞ്ഞുമുഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്. കുഞ്ഞുമുഹമ്മദ് ട്വന്റി-ട്വന്റിയുടെ പരിപാടികളിലെല്ലാം സജീവ സാന്നിധ്യം കൂടിയാണ്.
ഇക്കഴിഞ്ഞ 14 നാണ് സംഭവം. യുവതിയെ സര്‍വ്വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതി നിലവിളിച്ചതോടെ മുറി പുറത്ത് നിന്നും പൂട്ടി കുഞ്ഞുമുഹമ്മദ് രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ ഡോ. എസ് ശ്യാമ അധ്യക്ഷയായ ആഭ്യന്തര അന്വേഷണ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തത്.
സര്‍വ്വകലാശാല അറിയാതെയാണ് ഇന്റേണ്‍ഷിപ്പിന് യുവതിയെ നിയോഗിച്ചതെന്നും കുഞ്ഞുമുഹമ്മദിനെതിരെ നടപടി സ്വീകരിക്കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ യുവതി ഇതുവരേയും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇതിനിടെ ലൈബ്രറി വകുപ്പിലെ ഉദ്യോഗസ്ഥ തന്നെ കള്ളക്കേസ് നല്‍കി തന്നെ കുടുക്കുകയായിരുന്നുവെന്ന് കുഞ്ഞുമുഹമ്മദ് പനങ്ങാട് പൊലീസില്‍ പരാതി നല്‍കി.