‘തേങ്ങ വീണു, ആന ആക്രമിച്ചു…’ ക്ലെയിം വേണം; ഇന്‍ഷുറന്‍സ് കമ്ബനികളെ ചിരിപ്പിച്ചും വലച്ചും ഉപയോക്താക്കള്‍
സ്വന്തം ലേഖിക
കാറിന്റെ മുകളില്‍ തേങ്ങ വീഴുന്നത്, നായകളുടേയും ആനകളുടേയും ആക്രമണം, പക്ഷികള്‍ കൊത്തുന്നത്…ഇതൊക്കെയാണ് 2023ല്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് ചിരിയും തലവേദനയും ഒരുപോലെ സമ്മാനിച്ച ചില വാഹനാപകട ക്ലെയിമുകള്‍.
ഇന്ത്യന്‍ വിപണികളില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രവണതയാണിതെന്നാണ് വിലയിരുത്തല്‍. പിന്നില്‍ നിന്ന് മറ്റൊരു വാഹനം വന്നിടിക്കുന്നതാണ് ഏറ്റവും സാധാരണമായൊരും ക്ലെയിമെന്നും കമ്ബനികള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനങ്ങളുടെ മുന്‍വശങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതാണ് പട്ടികയില്‍ അടുത്തതായി വരുന്നത്. ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന കേസുകളും ക്ലെയിമുകളുടെ പട്ടികയിലുണ്ട്. ഒരു നിശ്ചല വസ്തുവായിട്ടോ അല്ലെങ്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനവുമായോ കൂട്ടിയിടിക്കുന്നത് ക്ലെയിമുകളില്‍ താരതമ്യേന കുറവാണ്.
മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് ക്ലെയിമുകളുമുണ്ട്. മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ പല സംസ്ഥാനങ്ങളും നേരിടുന്ന ഒരു പ്രതിസന്ധിയാണ്. മൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ കൂടുതലായും അസം, പശ്ചിമ ബംഗാള്‍, കര്‍ണാടക, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്‍ഷുറന്‍സ് കമ്ബനിയായ ഗൊ ഡിജിറ്റിന്റെ കണക്കുകള്‍ പ്രകാരം ആനയുടെ ആക്രമങ്ങള്‍ മൂലം ക്ലെയിമിനപേക്ഷിച്ച ഇരുപതിലധികം കേസുകളിലാണ് പണം നല്‍കിയിട്ടുള്ളത്.
ഇന്‍ഷുറന്‍സ് കമ്ബനികളുടെ മറ്റൊരു പ്രധാന തലവേദന തെരുവ് നായകളാണ്. ലക്നൗവിലെ ഇന്ദിര നഗറില്‍ മാത്രം തെരുവ് നായകളുടെ ആക്രമണത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചിട്ടുള്ള 110 കേസുകളാണുള്ളത്. നായകള്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയ നിരവധി കേസുകളുണ്ടെന്നാണ് ഗൊ ഡിജിറ്റിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഈശ്വര നാരായണന്‍ പറയുന്നത്.
മറ്റൊരു പ്രധാന പ്രശ്നമായി ഇന്‍ഷുറന്‍സ് കമ്ബനികള്‍ ചൂണ്ടിക്കാണിക്കുന്നത് മയിലുകളുടെ ആക്രമണമാണ്. പ്രതിഫലനം നോക്കി കാറിന് കേടുപാടുകള്‍ മയിലുകള്‍ വരുത്തുന്നതായാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിയിലെ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. കുരങ്ങുകള്‍ വാഹനങ്ങളില്‍ കേടുപാടുകള്‍ വരുത്തുന്ന കാര്യം ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.