
“ഇന്ത്യന്‍ സൂപ്പര്‍ വിമൻ” ; ഹമാസ് ഭീകരരില്‍നിന്നും ഇസ്രേലിലെ വയോദമ്പതികളെ രക്ഷിച്ച കോട്ടയം പെരുവ സ്വദേശി മീരയ്ക്കും കണ്ണൂർ സ്വദേശി സബിതയ്ക്കും അഭിനന്ദന പ്രവാഹം ; ജീവന്‍ പണയം വച്ചും തങ്ങള്‍ പരിചരിക്കുന്ന അപ്പച്ചനെയും അമ്മച്ചിയെയും രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിൽ ഇരുവരും
സ്വന്തം ലേഖകൻ
കടുത്തുരുത്തി: ആദ്യം ഭയന്നു…പിന്നെ സ്വന്തം മാതാപിതാക്കളെപ്പോലെ സംരക്ഷിക്കുന്ന ഇസ്രയേല്‍ വയോധികരെ വീട്ടിലെ സുരക്ഷാ മുറിയിലേക്ക് മാറ്റി…
വാതില്‍ തള്ളി തുറക്കാനുള്ള ഹമാസ് ഭീകരരുടെ ശ്രമത്തെ ഏറേ പണിപ്പെട്ടു ചെറുത്തു തോല്‍പ്പിച്ചു. വെടിയുണ്ടകള്‍ക്കു നടുവിലെ ജീവിതം മീരയ്ക്കും സബിതയ്ക്കും ഇപ്പോള്‍ നല്‍കുന്നത് ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മധൈര്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രയേല്‍ സൈന്യമെത്തി രക്ഷിക്കുന്നതുവരെ തളരാതെ സ്വന്തം ജീവനും മറ്റു രണ്ടു ജീവനുകളും കാത്ത ഇരുവരും ഇന്ന് വീരപോരാളികള്‍.. ഹമാസ് ഭീകരരില്‍നിന്നും ഇസ്രേലി വയോദമ്പതിമാരെ രക്ഷിച്ച മലയാളി യുവതികള്‍ക്ക് ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയുടെയും മലയാളികളുടെയും അഭിനന്ദന പ്രവാഹം. ഇന്ത്യന്‍ സൂപ്പര്‍ വിമൻ എന്ന തലക്കെട്ടോടെയാണ് എംബസി യുവതികളുടെ ധീരതയെ പ്രശംസിച്ച് എക്സില്‍ വിവരം പങ്കുവച്ചത്.
പെരുവ പ്ലാന്തടത്തില്‍ മോഹനന്‍റെ മകള്‍ മീര മോഹനനും കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി സബിത ബേബിയുമാണ് ഭീകര സംഘത്തിന്‍റെ ആക്രമണത്തെ ചെറുത്തത്. ഗാസയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ ഇസ്രയേല്‍-പാലസ്തീന്‍ അതിര്‍ത്തിയിലുള്ള കിബൂസ് എന്ന സ്ഥലത്താണ് ഇവര്‍ ജോലി ചെയ്യുന്നത്.
ഹമാസ് സംഘത്തിന്‍റെ തോക്കിന്‍ മുനയില്‍ മണിക്കൂറുകളോളം പൊരുതിയാണ് ഇവര്‍ പരിചരിക്കുന്ന വെന്‍റിലേറ്ററില്‍ കഴിയുന്ന റാഹേല്‍ (76), നടക്കാന്‍ കഴിയാത്ത ഷമോളിക് (85) എന്നിവരെ രക്ഷിച്ചത്. ഹമാസിന്‍റെ അക്രമം തുടങ്ങിയ കഴിഞ്ഞ ഏഴിനു രാവിലെ 6.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
ദമ്പതിമാരെ പരിചരിക്കുന്നത് രണ്ടുപേരാണ്. മീരയുടെ ജോലി കഴിഞ്ഞ് രാവിലെ പോകാന്‍ നില്‍ക്കുമ്പോഴാണ് അപായസൈറണ്‍ മുഴങ്ങുന്നത്. സൈറന്‍റെ നിര്‍ത്താതെയുള്ള മുഴക്കം കേട്ടതോടെ അപകടം മനസിലാക്കിയ യുവതികള്‍ ഇവര്‍ പരിചരിക്കുന്ന ദമ്പതികളെയും കൊണ്ട് വീടിനകത്തെ സുരക്ഷാ മുറിയില്‍ കയറുകയായിരുന്നു.
വീടിന്‍റെ വാതില്‍ പൊളിച്ചു കയറിയ ഭീകരര്‍ വീടിനകം തകര്‍ത്തു. ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണാഭരണങ്ങളും സബിത ഭര്‍ത്താവിനു നല്‍കാൻ വാങ്ങിയ വില കൂടിയ വാച്ചും മീരയുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെല്ലാം ഭീകരര്‍ എടുത്തു കൊണ്ടുപോയി.
കൊണ്ടുപോകുവാന്‍ കഴിയാത്ത സാധനങ്ങളെല്ലാം ഭീകരര്‍ വെടിവച്ചുനശിപ്പിച്ചു. തുടര്‍ന്ന് ബങ്കറിന്‍റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സൂര്യയും സബിതയും ചേര്‍ന്ന് അകത്തുനിന്ന് തള്ളിപ്പിടിച്ച് എതിര്‍ത്തുനിന്നു. രാവിലെ 6.30ഓടെ തുടങ്ങിയ ആക്രമണം ഉച്ചയ്ക്ക് 1.30 വരെ തുടര്‍ന്നു. ഇസ്രയേല്‍ സൈന്യം എത്തിയപ്പോഴാണ് ഭീകരര്‍ അവിടെനിന്ന് രക്ഷപ്പെട്ടത്.
നാല് വര്‍ഷം മുമ്പാണ് മീര ഇവിടെ ജോലിക്കെത്തിയത്. തങ്ങളുടെ ജീവന്‍ പണയം വച്ചും തങ്ങള്‍ പരിചരിക്കുന്ന അപ്പച്ചനെയും അമ്മച്ചിയെയും രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരുവരും. ഇവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ പറയുന്നതുവരെ അവിടെ തുടരുമെന്ന് മീരയും സബിതയും പറഞ്ഞു.
വിവരമറിഞ്ഞു നിരവധി പേരാണ് മീരയുടെ മാതാപിതാക്കളെ വിളിച്ച് അഭിനന്ദനം അറിയിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എയും മീരയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.