വെള്ളമെടുത്തു കൊടുക്കാൻ പോലും സഞ്ജുവിനെ കളത്തിലിറക്കിയില്ല..! പന്ത് വീണ്ടും വമ്പൻ പരാജയം: അവസാന ട്വന്റി ട്വന്റിയിലും സഞ്ജുവിനെ തഴഞ്ഞു; ഇന്ത്യയ്ക്ക് വിജയവും പരമ്പരയും; ദീപക് ചഹറിന് കന്നി ഹാട്രിക്ക്
സ്‌പോട്‌സ് ഡെസ്‌ക്
നാഗ്പൂർ: വെള്ളമെടുത്ത് കൊടുക്കാൻ പോലും രോഹിത് ശർമ്മ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിനെ പരിഗണിച്ചില്ല. അവസാന ട്വന്റി ട്വന്റിയിലും വമ്പൻപരാജയമായി മാറിയ പന്തിനെ തന്നെ നില നിർത്തിയ രോഹിത് സഞജുവിനെ പരിഗണിച്ചതേയില്ല. എന്നാൽ, മൂന്നാം ട്വന്റി ട്വന്റിയിലും തകർപ്പൻ പ്രകടനം തുടർന്ന ടീം ഇന്ത്യ ബംഗ്ലാദേശിനെ തകർത്ത് പരമ്പരയും സ്വന്തമാക്കി.
ദീപക് ചഹറിന്റെ കന്നി ഹാട്രിക്കിന്റെ പിൻബലത്തിലാണ് ഇന്ത്യ മൂന്നാം ട്വിന്റി ട്വന്റിയിൽ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ചത്.
ഇതോടെ ഇന്ത്യക്ക് 31 റൺസിന്റെ മികച്ച വിജയം സ്വന്തമാക്കി. ഇതോടെ 2-1ന് ഇന്ത്യ പരമ്പര കീശയിലുമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ കെ.എൽ രാഹുൽ 52 (35), ശ്രേയസ് അയ്യർ 62 (33) തുടങ്ങിയവരുടെ മികച്ച പ്രകടനത്തിൽ അഞ്ചുവിക്കറ്റിന് 174 റസെടുത്തപ്പോൾ ബംഗ്ലാദേശ് 19.2 ഓവറിൽ 144ന് എല്ലാവരും പുറത്തായി. മുഹമ്മദ് നായിമിന്റെ ഒറ്റയാൾ പോരാട്ടത്തിൽ മികച്ച കളി പുറത്തെടുത്ത ബംഗ്ലാദേശ് അവസാന ഓവറുകളിൽ ഇന്ത്യൻ ബോളിങ്ങിനുമുന്നിൽ പതറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശഫീൽ ഇസ്ലാം എറിഞ്ഞ രണ്ടാം ഓവറിൽ രോഹിത് ശർമ 2 (6)യും അഞ്ചാം ഓവറിൽ ശിഖർധവാനും 19 (16) പുറത്തായതോടെ കെ.എൽ രാഹുലും ശ്രേയസ് അയ്യറും ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ മനിഷ് പാണ്ഡേയുടെ വെടിക്കെട്ട് ബാറ്റിങ്ങ് ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോർ നൽകുകയായിരുന്നു.
ടി20യിൽ ഇന്ത്യയുടെ കന്നി ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന താരമായി ദീപക് ചഹാർ ഇതോടെ മാറുകയും ചെയ്തു. ഇത് കൂടാതെ ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് സ്‌പെൽ കൂടിയാണ് ഇന്ന് ദീപക് ചഹാർ പുറത്തെടുത്തത്. 2012ൽ അജന്ത മെൻഡിസ് സിംബാബ്‌വേയ്‌ക്കെതിരെ 8 റൺസ് വിട്ട് നൽകി 6 വിക്കറ്റ് നേടിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും മികച്ച ടി20 ബൗളിംഗ് സ്‌പെൽ. ഓസ്‌ട്രേലിയയ്‌ക്കെതിരെ 6 വിക്കറ്റ് 16 റൺസിന് വീഴ്ത്തിയ മെൻഡിസിന്റെ തന്നെ 2011ലെ റെക്കോർഡാണ് 2012ൽ മെൻഡിസ് മറികടന്നത്. 3.2 ഓവറിൽ ഏഴു റണ്ണിന് ആറു വിക്കറ്റാണ് ചഹാർ നേടിയത്.
ഇന്ത്യയ്ക്കായി ടെസ്റ്റിൽ ഹർഭജൻ സിംഗും ഇർഫാൻ പത്താനും ഹാട്രിക്ക് നേടിയിട്ടുള്ളപ്പോൾ ഏകദിനത്തിൽ ചേതൻ ശർമ്മ, കപിൽ ദേവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ഹാട്രിക്ക് നേടിയിട്ടുള്ളത്.