
45 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടം ; ഓസീസിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
സ്വന്തം ലേഖകൻ
ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു തിരിച്ചടി.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ അഞ്ചിന് 56 എന്ന നിലയിലാണ്.
വിരാട് കോലി (15), കെ എസ് ഭരത് (4) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ചേതേശ്വര്‍ പൂജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. മാത്യൂ കുനെമാന്‍ മൂന്ന് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തില്‍ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ആറാം ഓവറില്‍ തന്നെ രോഹിത് മടങ്ങി. പിന്നാലെ ഗില്ലും പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാന്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു. പൂജാരയാവട്ടെ ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി.
അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുനെമാന് ക്യാച്ച്. അടുത്ത ഓവറില്‍ പന്തെറിയാനെത്തിയ കുനെമാന്‍ ശ്രേയസ് അയ്യരെ (0) ബൗള്‍ഡുമാക്കിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ട്രാവിസ് ഹെഡ് ഓപ്പണ്‍ ചെയ്യും. കമ്മിന്‍സിന് പകരം സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.