ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യം; ‘ ചന്ദ്രയാൻ-2 ‘ ജൂലായ് 15 ന് വിക്ഷേപിക്കും

ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യം; ‘ ചന്ദ്രയാൻ-2 ‘ ജൂലായ് 15 ന് വിക്ഷേപിക്കും

സ്വന്തം ലേഖിക

ബെംഗളൂരു: ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 ജൂലായ് 15ന്വിക്ഷേപിക്കും. പുലർച്ചെ 2. 51ന് ആണ് വിക്ഷേപണം. സെപ്തംബർ ആറിന് പേടകം ചന്ദ്രൻറെ ഉപരിതലം തൊടും.ജിഎസ്എൽവി മാർക്ക് മൂന്ന് ആണ് വിക്ഷേപണ വാഹനം.ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാൻ -2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാൻ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകിയിരുന്നു. ഇതിൽ കൂടുതൽ വിവരങ്ങൾ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാൻ -2 ദൗത്യം ലക്ഷ്യമിടുന്നത്.ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ദൗത്യമാണ് ഇത്. ചന്ദ്രനെ വലം വെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവർ, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാൻഡർ എന്നീ മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാൻ -2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി മാർക് -3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബർ ആറിനാണ് റോവർ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകൾ ഉൾപ്പെടെ രാസഘടകങ്ങളുടെ വിവരങ്ങൾ ശേഖരിക്കും.ഐഎസ്ആർഒയെ സംബന്ധിച്ച് ഏറെ നിർണായകമായ ദൗത്യമാണ് ഇത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന രാജ്യങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയുള്ള റോവർ ദൗത്യം നടത്തിയിട്ടുള്ളു. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്.കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.ചന്ദ്രയാൻ ദൗത്യത്തിലെ ഓർബിറ്റർ, ലാൻഡർ എന്നിവയുടെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.10 വർഷം മുമ്പായിരുന്നു ചന്ദ്രയാൻ-2 ന് കേന്ദ്രസർക്കാർ അനുമതി നൽകിയത്.