സിഡ്നി ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ; പൂജാരയയ്ക്ക് ഇരട്ടസെഞ്ച്വറി നഷ്ടം; പന്തിന് സെഞ്ച്വറി: എറിഞ്ഞ് വലഞ്ഞ് ഓസീസ്
സ്പോട്സ് ഡെസ്ക്
സിഡ്നി: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. അഞ്ഞൂറിനടുത്തെത്തിയ സ്കോറുമായി ഇന്ത്യ ടെസ്റ്റിൽ രണ്ടാം ദിനം തന്നെ പിടിമുറുക്കി. ഇനി ഈ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. ഇരട്ടസെഞ്ച്വറിയ്ക്ക് ഏഴുറണ്ണകലെ ചേതേശ്വർ പൂജാര വീണത് ഇന്ത്യയ്ക്ക് ചെറിയ തിരിച്ചടിയായി. പകരം നങ്കൂരമിട്ട ഋഷഭ് പന്ത് സെഞ്ച്വറിയും, രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെ ഇന്ത്യ പടുകൂറ്റൻ സ്കോർ ഉറച്ചു.
സ്പിന്നർമാർക്ക് അനുകൂലമാകുമെന്ന് കരുതിയ സിഡ്നിയിലെ പിച്ചിൽ പിടിമുറുക്കിയത് പക്ഷേ, ഇന്ത്യൻ ബാറ്റ്സ്മാൻമാരാണ്. ആദ്യ ദിനം 303/4 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. 130 റണ്ണുമായി ചേതേശ്വർ പൂജാരയും, 39 റണ്ണുമായി വിഹാരിയുമായിരുന്നു ക്രീസിൽ. രണ്ടാം ദിനം 11 ഓവർമാത്രമായിരുന്നു ഈ കൂട്ടുകെട്ടിന് ആയുസ്. 101 -ാം ഓവറിന്റെ അവസാന പന്തിൽ സ്പിന്നർ നഥാൻ ലയോണിന്റെ പന്തിൽ ലാബുസൺചേഞ്ചിന് ക്യാച്ച് നൽകി വിഹാരി മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 329 മാത്രമായിരുന്നു. 96 പന്തിൽ 42 റണ്ണെടുത്താണ് വിഹാരി മടങ്ങിയത്.
കൂട്ടുകാർ മടങ്ങിയെങ്കിലും പതറാൻ പൂജാര ഒരുക്കമായിരുന്നില്ല. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ കൂട്ട് പിടിച്ച് പൂജാര ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചു. ഇരട്ടസെഞ്ച്വറിയിലേയ്ക്ക് കുതിക്കുകയാണെന്നു തോന്നിയ പന്തിന്റെ അൽപം അശ്രദ്ധ, ഇന്ത്യയുടൈ കണക്കു കൂട്ടൽ തെറ്റിച്ചു. ഡ്രൈവ് ചെയ്യാനുള്ള ശ്രമം പാളി. നഥാൻ ലയോണിന്റെ പന്ത് ബാറ്റിൽ തട്ടി ഉയർന്നു. ഒപ്പം ഇന്ത്യൻ കാണികളുടെ ചങ്കിടിപ്പും. ലയോണിന് പിഴവൊന്നും പറ്റിയില്ല. തറയോളം താന്നുവന്ന പന്ത് കൃത്യമായി ശ്രദ്ധിച്ച് ലയോൺ കയ്യിൽ ഒതുക്കി. പൂജാരയുടെ കഥകഴിഞ്ഞു. 373 പന്തിൽ ഇന്ത്യയെ പ്രതിരോധിച്ചു നിന്ന് 193 റണ്ണുമായാണ് ബാറ്റും തലയും വായുവിൽ ഉയർത്തിപ്പിടിച്ച് പൂജാര മടങ്ങിയത്. ഇരട്ടസെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് മികച്ച അടിത്തറയാണ് പൂജാര ഒരുക്കി നൽകിയത്.
പൂജാര ഒരുക്കിയ അടിത്തറയിൽക്കെട്ടിക്കേറുക എന്ന ദൗത്യം മാത്രമായിരുന്നു പന്തിനുണ്ടായിരുന്നത്. ഐപിഎല്ലിലെ അടിച്ചുകളിക്കാരനായ പന്ത് പക്ഷേ സിഡ്നിയിൽ അൽപം ശാന്തനായിരുന്നു. 177 പന്തിൽ 140 റണ്ണുമായി പൂജാരയുടെ റോൾ ഏറ്റെടുത്ത പന്ത് മികച്ച ഫോമിൽ ബാറ്റ് വീശി. പന്ത്രണ്ട് തവണ ഓസീസ് ബൗളർമാരെ അതിർത്തി വരയ്ക്കു പുറത്തേയ്ത്ത് തഴുകി ഒഴുക്കിവിട്ട പന്ത്, ഒരു തവണ തലയ്ക്കു മുകളിലൂടെ തൂക്കിയെറിഞ്ഞു. പന്തിന് മികച്ച പിൻതുണയുമായി 99 പന്തിൽ 65 റണ്ണുമായി ജഡേജയും പന്തിന് മികച്ച പിൻതുണ നൽകി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 585 റൺ അടിച്ചു കൂട്ടിയിട്ടുണ്ട്. 162 ഓവറിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയിരിക്കുന്നത്.