മെഹിദി വീണ്ടും ബംഗ്ലാ ഹീറോ..! ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ആറിന് 69 എന്ന നിലയിൽ തകർന്നടിഞ്ഞ ബംഗ്ലാദേശിനെ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ 271 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് മെഹിദി ഹസൻ മിറാസ്
സ്വന്തം ലേഖകൻ
ദില്ലി: ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും ബംഗ്ലാദേശ് ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസ്. ആദ്യ ഏകദിനത്തിൽ കരുത്തന്മാരടങ്ങിയ ഇന്ത്യൻ സംഘത്തെ അവസാന വിക്കറ്റിൽ തകർത്ത മെഹിദി ഇത്തവണ സെഞ്ച്വറിയുമായാണ് ബംഗ്ലാദേശിന്റെ രക്ഷകനായത്.
രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ മെഹിദിയുടെ സെഞ്ച്വറി(100*)യുടെ കരുത്തിൽ 271 എന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ നാല് ഓവർ പിന്നിടുമ്പോൾ ഇന്ത്യയുടെ ഓപണർമാർ പവലിയനിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 എന്ന നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിനിടെ പരിക്കേറ്റ് നായകൻ രോഹിത് ശർമ പുറത്തായതോടെ പകരം ഓപൺ ചെയ്യാനെത്തിയത് മുൻ നായകൻ വിരാട് കോഹ്ലിയായിരുന്നു. എന്നാൽ, രണ്ടാം ഓവറിൽ തന്നെ കോഹ്ലിയുടെ വിക്കറ്റ് പിഴുത് ഇബാദത് ഹുസൈന്റെ വക ഇന്ത്യയ്ക്ക് കനത്ത പ്രഹരം. അഞ്ച് റൺസുമായാണ് താരം പുറത്തായത്. തൊട്ടടുത്ത ഓവറിൽ ശിഖർ ധവാനെ(എട്ട്) മുസ്തഫിസുറഹ്മാൻ മെഹിദി ഹസന്റെ കൈയിലുമെത്തിച്ചു.
നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടൺ ദാസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇരട്ടവിക്കറ്റുകളുമായി ആതിഥേയരെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. രണ്ടാം ഓവറിൽ തന്നെ ഓപണർ അനാമുൽ ഹഖിനെ(11) വിക്കറ്റിനു മുന്നിൽ കുരുക്കിയായിരുന്നു തുടക്കം. പത്താം ഓവറിൽ സിറാജ് എറിഞ്ഞ രണ്ടാം പന്ത് ബംഗ്ലാ നായകൻ ലിട്ടൻ ദാസിന്റെ(ഏഴ്) മിഡിൽ സ്റ്റംപും പിഴുതാണ് കടന്നുപോയത്.
രണ്ടാം വിക്കറ്റിൽ ഷകീബുൽ ഹസനൊപ്പം ചേർന്ന് നജ്മുൽ ഹുസൈൻ ഷാന്തോ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 151 കി.മീറ്റർ വേഗത്തിലുള്ള ഉമ്രാന്റെ തീതുപ്പുന്ന പന്തിൽ ഷാന്തോയുടെ ഓഫ്സ്റ്റംപിളകി. 35 പന്തിൽ 21 റൺസുമായാണ് താരം മടങ്ങിയത്.
പിന്നാലെ ഷകീബിനെയും(എട്ട്) മുഷ്ഫിഖുറഹീമിനെയും(12) അഫീഫ് ഹുസൈനെ(പൂജ്യം)യും മടക്കിയയച്ച് വാഷിങ്ടൺ സുന്ദറിന്റെ ആക്രമണം. ആറിന് 69 എന്ന നിലയ്ക്ക് കൂട്ടത്തകർച്ച മുന്നിൽകണ്ട് ബംഗ്ലാദേശ്. എന്നാൽ, അവിടെനിന്നായിരുന്നു മെഹിദി ഹസന്റെ അസാമാന്യമായ ഇന്നിങ്‌സ്. ഒരു വശത്ത് മുൻ നായകൻ മഹ്മൂദുല്ലയെ കൂട്ടുപിടിച്ചായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. 83 പന്തിലാണ് മെഹിദി എട്ട് ഫോറും നാല് സിക്‌സറും അടിച്ച് സെഞ്ച്വറി തികച്ചത്. മഹ്മൂദുല്ല 96 പന്തിൽ എഴ് ഫോർ സഹിതം 77 റൺസുമെടുത്ത് ഉറച്ച പിന്തുണ നൽകി.
അവസാന ഓവറുകളിൽ മെഹിദിലും നസൂം അഹ്മദും നടത്തിയ ടി20 ശൈലിയിലുള്ള ആക്രമണമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 11 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും അടിച്ച് 18 റൺസെടുത്ത നസൂം മെഹിദിക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റെടുത്തപ്പോൾ സിറാജിനും ഉമ്രാൻ മാലികിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.