play-sharp-fill
ചില വ്യക്തികള്‍ ചെയ്യുന്ന തെറ്റിന് അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന മതത്തെ പഴിക്കരുത്; വര്‍ഗ്ഗീയ ധ്രുവീകരണം വലിയ ദുരന്തത്തിന് വഴിവെക്കും; താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാമും സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപും ഏകസ്വരത്തിൽ

ചില വ്യക്തികള്‍ ചെയ്യുന്ന തെറ്റിന് അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന മതത്തെ പഴിക്കരുത്; വര്‍ഗ്ഗീയ ധ്രുവീകരണം വലിയ ദുരന്തത്തിന് വഴിവെക്കും; താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാമും സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപും ഏകസ്വരത്തിൽ

സ്വന്തം ലേഖകൻ 

 

കോട്ടയം : സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും കേരള മുസ്ലീം യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാമുമായ ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചു.

‘ജാതിമതദേശ ഭേദമെന്ന്യേ സര്‍വ്വരും സാഹോദര്യത്തോടെ വാഴുന്ന മാതൃകാസ്ഥാനം’ എന്നു ശ്രീ നാരായണഗുരു വിശേഷിപ്പിച്ച കേരളം, വിഭിന്നങ്ങളായ മത സമുദായങ്ങള്‍ ദീര്‍ഘകാലമായി സാഹോദര്യത്തോടെ സഹവര്‍ത്തിക്കുന്ന ദേശമെന്ന നിലയില്‍ ലോകത്തിനു തന്നെ മാതൃകയാണ്. ജാതിയും, മതവും, സാമുദായികവുമായ വ്യതിരിക്തതകള്‍ നിലനില്‍ക്കത്തന്നെ മാനവീകതയെ മുന്‍ നിര്‍ത്തിയുള്ള സൗഹൃദവും സാഹോദര്യവും എന്നും കേരളജനത നിലനിര്‍ത്തിയിട്ടുണ്ട്. നമ്മുടെ നാടിന്റെ മുഖമുദ്രയായ ബഹുസ്വരതയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന എല്ലാ പരിശ്രമങ്ങളെയും നാം ഒരുമിച്ചു ചെറുത്തു നിന്നിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ സമൂഹത്തെ ഗ്രസിക്കുന്ന എല്ലാ ജീര്‍ണ്ണതകളെയും നാം നേരിടണം എന്നതില്‍ രണ്ടു പക്ഷമില്ല. സാമൂഹികമായ എല്ലാ തിന്മകളും എതിര്‍ക്കപ്പെടേണ്ടതും പൊതുജനാഭിപ്രായം അവയ്‌ക്കെതിരെ രൂപീകരിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ സാമൂഹിക ജീര്‍ണ്ണതകളെ മതവത്കരിക്കുന്ന സമീപനം ഒട്ടും ആശ്വാസ്യമല്ല. ചില വ്യക്തികള്‍ ചെയ്യുന്ന തെറ്റിന് അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന മതത്തെ പഴിക്കുന്നത് യുക്തിസഹമല്ല. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഏതെങ്കിലും മതത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട പേരുകാരനായതുകൊണ്ടോ, മതത്തിന്റെ പേരില്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കുന്നു എന്ന കാരണത്താലോ ആ ദുഷ്പ്രവണതയെ ആ മതത്തോടു ചേര്‍ത്തു പറയുന്നതില്‍ ഒരു ന്യായീകരണവുമില്ല.

നാം ഉപയോഗിക്കുന്ന വാക്കുകളും അവയ്ക്കു നല്‍കുന്ന അര്‍ത്ഥകല്‍പ്പനകളും സമൂഹത്തിന്റെ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏറെ പ്രധാനമാണ്. ഓരോ വാക്കിനും നാം അര്‍ത്ഥം നല്‍കുന്നത് മതപരവും സാംസ്‌കാരികവും പ്രാദേശികവുമായ വിവിധ സങ്കല്‍പ്പനങ്ങളെ ആശ്രയിച്ചും ബന്ധപ്പെട്ടുമാണ്. അതിനാല്‍ തന്നെ സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കുവാന്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍ വാച്യമായോ വ്യംഗ്യമായോ ഏതെങ്കിലും ഒരു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ അവ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. സാമൂഹിക തിന്മകളെ മതവത്കരിക്കുമ്പോള്‍ അവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നുള്ള പിന്മാറ്റവും വര്‍ഗ്ഗീയ ധ്രുവീകരണവും എന്ന രണ്ടു ദുരന്തങ്ങളാണു സംഭവിക്കുക. ഏതു മതത്തിന്റെയും അടിസ്ഥാന ഭാവം വൈരത്തിനും, വിദ്വേഷത്തിനും സകലവര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്.

ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനം എന്നാണ്. വിശ്വത്തെ ഒരു കുടുംബമായി കാണണമെന്ന ആത്മീയ ബോധ്യമാണ് ഹൈന്ദവവേദങ്ങള്‍ പങ്കു വയ്ക്കുന്നത്. സഹോദരനെ നിന്നെപോലെ തന്നെ സ്‌നേഹിക്കണം എന്നു ബൈബിളും പഠിപ്പിക്കുന്നു. മതമൈത്രി വര്‍ഗ്ഗീയതയെ ചെറുക്കുന്നതിനു മാത്രമല്ല, സൃഷ്ടിപരമായ സാമൂഹിക സേവന രംഗങ്ങളിലെല്ലാം എല്ലാ മതങ്ങളുടെയും അനുയായികള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം. മദ്യ-ലഹരി നിര്‍മ്മാര്‍ജ്ജനം, രോഗികളും അവശത അനുഭവിക്കുന്നവര്‍ക്കുമുള്ള സഹായം, സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെ ഉന്നമനം, സ്ത്രീ സുരക്ഷ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പൊതുകാര്യങ്ങളില്‍ എല്ലാ സമുദായങ്ങളുടെയും കൂട്ടായ പരിശ്രമങ്ങള്‍ ഉയര്‍ന്നു വരണം. അതിനു പകരമായി പരസ്പരം കുറ്റപ്പെടുത്തുകയും ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഏതെങ്കിലും ഒരു സമുദായത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും നിക്ഷിപ്ത താല്‍പര്യക്കാരായ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരുവാനുള്ള അവസരം നല്‍കുക മാത്രമേ ചെയ്യുന്നുള്ളു.

പരസ്പര സഹകരണത്തിലും പങ്കാളിത്വത്തിലുമല്ലാതെ നമുക്കു വളര്‍ച്ചയില്ല. ഒരേ വഴിയില്‍ സഞ്ചരിച്ചും ഒരേ ആഹാരം കഴിച്ചും ഒരേ കാലാവസ്ഥ അനുഭവിച്ചും ഒരേ ഭൂപ്രകൃതിയില്‍ ജീവിച്ചും അനേക തലമുറകളായി സഹവര്‍ത്തിത്വത്തില്‍ വസിക്കുന്ന നാം നമ്മുടെ പേരുകളിലോ, വേഷവിധാനങ്ങളിലോ, ആചാരവിശ്വാസങ്ങളിലോ ഉള്ള വ്യത്യസ്തതകളുടെ പേരില്‍ ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല. പരസ്പരം പഴിചാരാതെ സ്വസമൂഹത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുവാനും സാമൂഹ്യ വിരുദ്ധ ശക്തികളെ മത-സമുദായങ്ങള്‍ക്ക് അതീതമായി ഒറ്റപ്പെടുത്തികൊണ്ട് സാമൂഹ്യ തിന്മകളോട് ഒരുമിച്ചു പോരാടുവാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.