കാഴ്ചകള്‍ കണ്ട് ആസ്വാദിച്ച് ഒന്ന് വിശ്രമിച്ച ശേഷം മടങ്ങാം..! ഇല്ലിക്കല്‍ക്കല്ലിലേക്ക് ബസ് സര്‍വീസ് ഇന്ന് മുതല്‍; ക്രമീകരിച്ചിരിക്കുന്നത് മൂന്ന് ട്രിപ്പുകളായി
കോട്ടയം: സംസ്ഥാനത്തെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍കല്ല് മുഖ്യമായും കേന്ദ്രീകരിച്ച് കാഞ്ഞിരംകവല-പാലാ ബസ് സര്‍വീസ് ഇന്ന് ആരംഭിക്കും.
പാലാ കേന്ദ്രമായുള്ള സ്വകാര്യ ബസ് കമ്പനിയായ കുഴിത്തോട്ട് ഗ്രൂപ്പിന്‍റെ സര്‍വീസാണ് ഇല്ലിക്കല്‍ക്കല്ലിലേക്കുള്ള ബസ് യാത്ര യാഥാര്‍ഥ്യമാക്കുന്നത്. കാഞ്ഞിരംകവല, കോലാനി, മോസ്‌കോ, വാളകം, മേച്ചാല്‍, നെല്ലാപ്പാറ, പഴുക്കാക്കാനം, ഇല്ലിക്കല്‍ക്കല്ല്, മങ്കൊമ്പ് ക്ഷേത്രം, മൂന്നിലവ്, കളത്തൂക്കടവ്, ഈരാറ്റുപേട്ട, പനയ്ക്കപ്പാലം, ഭരണങ്ങാനം വഴി പാലായിലെത്തുന്ന വിധത്തിലാണ് സര്‍വീസ്.
ഇല്ലിക്കല്‍ക്കല്ലിലെത്തി കാഴ്ചകള്‍ കണ്ട് ഒന്നു വിശ്രമിച്ചു കഴിയുമ്പോഴേക്കും തിരിച്ചുപോകാവുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പഴുക്കാക്കാനത്തുനിന്നും ഒന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇലവീഴാപൂഞ്ചിറയിലേക്ക്. വാളകത്തുനിന്നും കട്ടിക്കയം വെള്ളച്ചാട്ടത്തിലേക്കും എളുപ്പത്തില്‍ എത്താം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടിടത്തേക്കും ഷട്ടില്‍ ജീപ്പ് സര്‍വീസുമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സഞ്ചാരികള്‍ക്കായി ബസ് ഇല്ലിക്കല്‍ക്കല്ലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് വരെയെത്തും.
പുലര്‍ച്ചെ 5.28ന് കാഞ്ഞിരംകവലയില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസ് വൈകുന്നേരം 6.43ന് കാഞ്ഞിരംകവലയിലെത്തി അവസാനിക്കുന്ന രീതിയില്‍ മൂന്നു ട്രിപ്പുകളാണുള്ളത്. കാഞ്ഞിരംകവല-മേച്ചാലായും നെല്ലാപ്പാറ വരെയും ബസ് സര്‍വീസ് ഉണ്ടെങ്കിലും ഇല്ലിക്കല്‍ക്കല്ലിന്‍റെ താഴ്‌വാരം വഴി ആദ്യമായിട്ടാണ് ബസ് എത്തുന്നത്. ഇന്നു രാവിലെ 10ന് കാഞ്ഞിരംകവലയില്‍ മാണി സി. കാപ്പന്‍ എംഎല്‍എ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.