24 വര്‍ഷത്തെ പ്രമാണിത്വത്തിന് മാറ്റം; പെരുവനത്തിന് പകരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ ഇലഞ്ഞിത്തറ മേളപ്രമാണി; മുതിര്‍ന്ന വാദ്യകലാകാരന് അവസരം നല്‍കാനെന്ന് വിശദീകരണം

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: ഈ വര്‍ഷത്തെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ പ്രമാണിയാവില്ല.

പെരുവനത്തിന് പകരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രമാണിസ്ഥാനം വഹിക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായിരുന്നു കുട്ടന്‍ മാരാര്‍. മുതിര്‍ന്ന വാദ്യകലാകാരന് അവസരം നല്‍കാനാണ് തീരുമാനമെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റെ വിശദീകരണം.

തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായി ഡബിള്‍ റോളില്‍ തിളങ്ങിയ കലാകാരനാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍. മുതിര്‍ന്ന വാദ്യകലാകാരനായ അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു.

തിരുവമ്പാടി പകല്‍പൂരത്തിന്റെ മേള പ്രമാണിയായിരുന്നു കിഴക്കൂട്ട് അനിയന്‍ മാരാര്‍. 40 വര്‍ഷം പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളിയായി.

2005ല്‍ പാറമേക്കാവിന്റെ പകല്‍പൂരത്തിന് പ്രാമാണ്യം വഹിക്കുകയും ചെയ്തു. 2012ല്‍ തിരുവമ്പാടിയുടെ പകല്‍പൂര പ്രമാണിയായി. 76-ാം വയസ്സിലും മേളാസ്വാദകരെ ആവേശത്തിമിര്‍പ്പിലേക്കെത്തിക്കുന്നതാണ് കിഴക്കൂട്ട് അനിയന്‍ മാരാരുടെ കൊട്ടിന്റെ മാജിക്.

പതിനൊന്നാം വയസില്‍ നെട്ടിശ്ശേരി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 17-ാം വയസ്സിലാണ് ഇലഞ്ഞിത്തറ മേളത്തിന്റെ മുന്‍നിരയില്‍ കൊട്ടിതുടങ്ങിയത്.