ധീരം, നാരീ ചരിത്രം..! ചരിത്രത്തില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ച് സിആര്‍പിഎഫ്
സ്വന്തം ലേഖകന്‍
ദില്ലി: ചരിത്രത്തില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ച് സിആര്‍പിഎഫ്. ഒരു മലയാളി ഓഫീസറെ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കില്‍ നിയമിച്ചത്. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ധുണ്ടിയ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം.
1986ല്‍ വനിതാ ഓഫീസര്‍മാരെ സിആര്‍പിഎഫിലേക്ക് ചേര്‍ത്തുതുടങ്ങിയ ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഓഫീസര്‍മാര്‍ക്ക് ഒരുമിച്ച് ഉന്നത പദവി ലഭിക്കുന്നത്. 1987 ബാച്ചില്‍ സേനയിലംഗമായ ഉദ്യോഗസ്ഥരാണ് ആനി എബ്രഹാമും സീമ ധുണ്ഡിയയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദ്രുത കര്‍മ്മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം. നിലവില്‍ ഡിഐജിയാണ് ആനി ഏബ്രഹാം. ലൈബീരിയയിലെ യുഎന്‍ മിഷനിലും കാശ്മീരിലെ ഓപ്പറേഷന്‍സ് സെക്ടര്‍ ഡിഐജിയായും അടക്കം നിരവധി ഉന്നതസ്ഥാനം വഹിച്ചയാളാണ് ആനി എബ്രഹാം. നേരത്തെ രാഷ്ട്രപതിയുടെ മെഡല്‍ നേടിയിരുന്നു. യുഎന്‍ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ആനി.