അഞ്ച് കൊല്ലം മുന്‍പ് മോഷണക്കേസില്‍ അറസ്റ്റിലായി; ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു; ഈരാറ്റുപേട്ട സ്വദേശിയായ ഇരുപത്തിനാലുകാരന്റെ ജാമ്യം റദ്ദാക്കി കോടതി
സ്വന്തം ലേഖകന്‍
കോട്ടയം: ഇരുപത്തിനാലുകാരന്റെ ജാമ്യം റദ്ദാക്കി കോടതി. ഈരാറ്റുപേട്ട പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അഫ്‌സല്‍ (24) എന്ന ആളുടെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവായത്. ഇയാള്‍ 2017 ല്‍ പാലാ സ്റ്റേഷനില്‍ മോഷണ കേസില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും സമാനമായ മറ്റൊരു കേസില്‍ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയില്‍ അത്തരക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസ് സ്റ്റേഷന്‍ കോടതിയില്‍ ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു. നിലവില്‍ ഇയാള്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേയാണ് ഈ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group