
കൊച്ചി: ഇടുക്കി മാങ്കുളത്ത് റേഞ്ച് റോവർ ഡിഫൻഡറിൽ സഞ്ചരിച്ച വ്യവസായിയെ ഇന്നോവ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം.
പ്രവാസി മലയാളി വ്യവസായിയെ പ്രതിയാക്കി ഇടുക്കി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസിനു വീണ്ടും തിരിച്ചടിയായി കോടതി നടപടി. വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിയാക്കപ്പെട്ട പ്രവാസി മലയാളി വ്യവസായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതാണ് പൊലീസിനു തിരിച്ചടിയായത്. നേരത്തെ കേസ് അടിമാലി പൊലീസിൽ നിന്നും ഇടുക്കി ക്രൈംബ്രാഞ്ചിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതി കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ചത്.
കേസിൽ ഗൂഡാലോചനയും, വധശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിൽ ഇതിനോടകം പൊലീസിൽ നിന്നു തന്നെ ആക്ഷേപവും ഉയർന്നിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട പ്രവാസി മലയാളി വ്യവസായി തൃശൂർ ഒരുമനയൂർ ഇരച്ചാംവീട്ടിൽ ജമീൽ മുഹമ്മദി(47) നാണ് ഹൈക്കോടതി ജഡ്ജി ഡോ.കൗസർ ഇടപ്പടത്തിന്റെ ബഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ പരാതിക്കാരനായ ഷെമി മുസ്തഫയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ക്രൈംബ്രാഞ്ച് ജമീൽ മുഹമ്മദിന് എതിരെ 2023 ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 302, 307, 201, 34 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 സെപ്റ്റംബർ 16 ന് മാങ്കൂളത്തു നിന്നും ഏറ്റുമാനൂരിലേയ്ക്കു സഞ്ചരിക്കുകയായിരുന്ന ഷെമി മുസ്തഫ സഞ്ചരിച്ച റേഞ്ച് റോവർ ഡിഫൻഡർ കാറിൽ ജമിൽ മുഹമ്മദ് ഗൂഡാലോചന നടത്തി ഇന്നോവ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
ആദ്യം അടിമാലി പൊലീസാണ് ജമിൽ മുഹമ്മദിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഇത് വ്യാജകേസാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ജമിൽ മുഹമ്മദ് പരാതി നൽകിയതോടെ കേസ് അന്വേഷിക്കാൻ ഇടുക്കി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. എന്നാൽ, കേസിൽ ക്രൈംബ്രാഞ്ചും കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് കാട്ടി ജമിൽ മുഹമ്മദ് ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിൽ വാദം കേട്ട ഹൈക്കോടതി ജഡ്ജി ബെച്ചുകുര്യന്റെ ബെഞ്ച് കേസിന്റെ സിഡി ഫയൽ പൊലീസ് തിരുത്തിയതായും, കേസ് ഡയറിയിലെ പേജുകൾ കീറിയതായും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേസിലെ ക്രമക്കേടുകൾ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയ ഹൈക്കോടി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാനും നിർദേശിച്ചു.
ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് ജമീൽ മുഹമ്മദ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഷെമി മുസ്തഫ ഓടിച്ച ഡിഫൻഡർ കാറിൽ ഇന്നോവ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, കാറിന് അപകടം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതായിരുന്നു കേസ്. കേസ് പരിഗണിച്ച ഹൈക്കോടതി അപകടത്തിൽപ്പെട്ട ഇന്നോവക്കാറിൽ പ്രതിയാക്കപ്പെട്ട ജമീൽ മുഹമ്മദ് സഞ്ചരിച്ചിരുന്നില്ലെന്ന് കണ്ടെത്തി. അപകടം ഉണ്ടാകുന്ന സമയത്ത് ജമീൽ വിദേശത്തായിരുന്നു എന്ന പ്രതിഭാഗം വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഷെമി മുസ്തഫ ജമീലിന്റെ ബിസിനസ് പാർട്ണറായിരുന്നതായും, 40 കോടി രൂപ ജമീലിനെ കബളിപ്പിച്ച് തട്ടിയെടുത്തതായും ജമീലിന് വേണ്ടി അഭിഭാഷകർ കോടതിയിൽ വാദിച്ചു.
ഇത് കൂടാതെ കേസിൽ പ്രതിചേർക്കപ്പെട്ടവർ തമ്മിലുള്ള കോളുകളും രേഖകളും പരിശോധിച്ചപ്പോൾ ഇത് ഗൂഡാലോചനയിൽ പ്രതിചേർക്കാൻ പര്യാപ്തമല്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഹർജിക്കാരൻ ആരോപിക്കുന്ന കുറ്റം ചെയ്തതിന് യാതൊരു തെളിവും കണ്ടെത്താനും സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി ജാമ്യം അനുവദിച്ചുള്ള വിധിയിൽ വ്യക്തമാക്കുന്നു. ഹർജിക്കാരന് മുൻപ് ക്രിമിനൽപശ്ചാത്തലമില്ലെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
പ്രതിയ്‌ക്കെതിരായി ഹർജിക്കാരൻ ഉയർത്തുന്ന ആരോപണങ്ങൾ പരിഗണിക്കുമ്പോൾ ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നുന്നില്ലെന്നും , അതുകൊണ്ടു തന്നെ ഹർജിക്കാരൻ മുൻകൂർ ജാമ്യം അനുവദിക്കാമെന്നും കോടതി വിധിച്ചു. ഒരു ലക്ഷംരൂപയോ തതുല്യമായ ജാമ്യക്കാരെയും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഇത് കൂടാതെ ഹർജിക്കാരൻ അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉപാധി വച്ചു.



