
തൊടുപുഴ: ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. വണ്ണപ്പുറം ചീങ്കല്‍സിറ്റി മാനാങ്കുടിയില്‍ ജോബി ബേബി (45)യാണു കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ അയല്‍വാസി പുത്തന്‍പുരയില്‍ രജീവിനെ (പത്തനംതിട്ട രജീവ്-55) പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അയല്‍വാസികളായിരുന്ന ജോബിയും രജീവും ഇടയ്ക്കിടെ ഒരുമിച്ചിരുന്നു മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നു. ഏതാനും ദിവസം മുൻപ് ജോബിയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് മദ്യപിച്ചശേഷം രജീവിനെ മര്‍ദിച്ചിരുന്നു. ഞായറാഴ്ച പകലും ജോബിയും ഇതേ സഹൃത്തും വീട്ടിലിരുന്നു മദ്യപിച്ചു.
അതിനുശേഷം ഇരുവരും സമീപത്തുതന്നെ താമസിക്കുന്ന രജീവിനെ അയാളുടെ വീട്ടിലെത്തി മര്‍ദിച്ചു. അവശനായ രജീവ് കുറച്ചുനേരം വീട്ടില്‍ത്തന്നെ കിടന്നു. പിന്നീട് കാളിയാര്‍ പോലീസ് സ്റ്റേഷനിലെത്തി മര്‍ദനമേറ്റ വിവരം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടണമെന്നു പറഞ്ഞ് പോലീസ് രജീവിനെ മടക്കിയയച്ചു. തുടര്‍ന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തി മരുന്നുവാങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി ഓട്ടോ വിളിച്ച് വീണ്ടും വീട്ടിലെത്തി. രാത്രി പത്തുമണിയോടെ രജീവ് വീടിനുള്ളില്‍നിന്നു വാക്കത്തിയെടുത്ത് ജോബിയുടെ വീട്ടിലെത്തി.പൂട്ടാതിരുന്നതിനാല്‍ കതകില്‍ തള്ളിയപ്പോള്‍ തുറന്നു. ഉറക്കത്തിലായിരുന്ന ജോബിയുടെ വലതുകൈയുടെ മസിലിന് ആഞ്ഞുവെട്ടിയ ശേഷം രജീവ് രക്ഷപെട്ടു. ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്ത് സ്വന്തം വീട്ടിലേക്കു പോയതിനാല്‍ ഈ സമയം ജോബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
തടിപ്പണി തൊഴിലാളിയായിരുന്ന ജോബി ഭാര്യ പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് ഒറ്റയ്ക്കായിരുന്നു താമസം.
ഇന്നലെ രാവിലെ ജോബിയെ അന്വേഷിച്ചു വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍തന്നെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാളിയാര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
സംഭവമറിഞ്ഞ് തൊടുപുഴ ഡിവൈ.എസ്.പി: എം.ആര്. മധുബാബു ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരും എത്തി. മുറിയിലാകെ രക്തം തളംകെട്ടിയ നിലയിലായിരുന്നു. കൈയിലേറ്റ മുറിവില്നിന്നുണ്ടായ അമിത രക്തസ്രാവം മരണകാരണമായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഡോഗ് സ്ക്വാഡും ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി സ്വന്തം വീടിനു സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ കോലാനിയിലെത്തി. കോട്ടയം ഭാഗത്തേക്കു രക്ഷപ്പെടുന്നതിനിടെ 11 മണിയോടെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കാളിയാര്‍ പോലീസിനു കൈമാറി.
പത്തനംതിട്ട, കാളിയാര്‍ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണു രജീവെന്ന് പോലീസ് സൂചിപ്പിച്ചു. വൈകിട്ട് പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നു കോടതിയില്‍ ഹാജരാക്കും.