സഹപാഠിയുടെ നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിലിങ് ; കൂട്ടുകാരികളുടേയും അശ്ലീലദൃശ്യങ്ങൾ വേണമെന്ന് ആവശ്യം ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക
ഇടുക്കി: പ്രായപൂർത്തിയാകാത്ത കോളജ് വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ വിദ്യാർഥിയായ യുവാവ് അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിൽ ഷഹിൽ ഷാജ(20)നെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശാന്തൻപാറ ഗവൺമെന്റ് കോളജ് രണ്ടാം വർഷ ബി.എ. വിദ്യാർഥിയാണ് ഷഹിൽ. പെൺകുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂൾ പഠനകാലത്തുതന്നെ പെൺകുട്ടിയുമായി ഷഹിൽ പ്രണയത്തിലായിരുന്നു. അതിനിടെ, പെൺകുട്ടി തന്റെ നഗ്‌നചിത്രങ്ങൾ വാട്സാപ്പിലൂടെ ഷഹിലിനു നൽകിയിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടി നാട്ടിലെത്തിയപ്പോൾ മൂന്നു തവണ മുക്കുടിലിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് കേസിൽ പറയുന്നു. തുടർന്നു സഹപാഠികളായ പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ അയച്ചുകൊടുക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
പെൺകുട്ടിയിൽനിന്നു വിവരമറിഞ്ഞ സഹപാഠികൾ ഇതു കോളജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ശാന്തൻപാറ പൊലീസിൽ പരാതി നൽകുന്നത്. ശാന്തൻപാറ സി ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.