play-sharp-fill
ഇടുക്കിയിൽ റെഡ് അലർട്ട്; ട്രയൽ റൺ നടത്തിയിട്ടും ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ തുറക്കും; കനത്ത ജാഗ്രത നിർദേശം

ഇടുക്കിയിൽ റെഡ് അലർട്ട്; ട്രയൽ റൺ നടത്തിയിട്ടും ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ തുറക്കും; കനത്ത ജാഗ്രത നിർദേശം

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയെങ്കിലും ജലനിരപ്പ് ഉയരുന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ്. ഈ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറു മണി മുതൽ തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം പുറത്തുവിടാനാണ് തീരുമാനം. അതേസമയം, ഉച്ചയ്ക്ക് ആരംഭിച്ച ട്രയൽ റൺ ഇന്ന് രാത്രിയും തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പുറത്തേക്ക് ഒഴുക്കുന്ന അതേ അളവിൽ തന്നെയാണ് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കി വിടുക. ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാർ നദിയുടെ കരകളിലുള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.


ഇന്ന് ഉച്ചയ്ക്ക് 12.30ന് ഷട്ടർ ഉയർത്തുമ്പോൾ 2399.04 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം, 4.30ന് 2399.58 അടിയായി ജലനിരപ്പ് ഉയർന്നു. കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇടുക്കിയിൽ മൂന്നാംഘട്ട റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ഷട്ടറുകളിൽ ഒരു ഷട്ടറാണ് ട്രയൽ റണ്ണിന്റെ ഭാഗമായി തുറന്നത്. സെക്കന്റിൽ 50,000 ലിറ്റർ ജലമാണ് പുറത്തേക്കൊഴുകുന്നത്. 50 സെന്റീമീറ്ററാണ് ഉയർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group