
ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം; ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; കത്തിവീശി ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഒരാള്‍ കത്തിവീശി. ഇന്ന് ഉച്ചയോടെയാണ് ആശുപത്രി പരിസരത്ത് ഇവിടെ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കിഴക്കേക്കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
കിഴക്കേക്കവലയില്‍ നിന്നും ആശുപത്രിയിലേക്ക് രോഗിയുമായി എത്തിയ ഓട്ടോറിക്ഷ മടങ്ങിപ്പോകുന്നതിനിടെ വാഹനത്തില്‍ രണ്ട് യാത്രക്കാര്‍ കയറി. ഇത് ശ്രദ്ധയില്‍ പെട്ട ആശുപത്രി പരിസരത്തെ ഡ്രൈവര്‍മാര്‍ ഈ ഓട്ടോറിക്ഷ തടയുകയും ബഹളം വയ്ക്കുകയും യാത്രക്കാരെ കയറ്റിയത് ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ സംഭവം അറിഞ്ഞ് കിഴക്കേക്കവലയില്‍ നിന്നും ഏതാനും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്ഥലത്തെത്തി. കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്ങള്‍ക്കുനേരെ കത്തി വീശിയതായും മറ്റൊരാള്‍ പിടിച്ചുമാറ്റിയതിനാലാണ് കുത്തേല്‍ക്കാതിരുന്നതെന്നും കിഴക്കേക്കവലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ രണ്ടുപേര്‍ താലൂക്കാശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇരുവിഭാഗങ്ങളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്തു.