
സ്വന്തം ലേഖിക
ഇടുക്കി: ഭർത്താവിന്റെ മർദ്ദനമേറ്റ ആദിവാസി യുവതി ചികിത്സയിലിരിക്കെ മരണമടഞ്ഞു. വണ്ടന്മേട് ചക്കുപള്ളം പളിയക്കുടി സ്വദേശി ശരവണന്റെ ഭാര്യ സുമതി (28) ആണ് മരിച്ചത്. ഒരു മാസക്കാലമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച കാലമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഗാർഹിക പീഡനത്തിന് സുമതിയുടെ ഭർത്താവ് ശരവണൻ നിലവിൽ റിമാന്റിൽ കഴിഞ്ഞു വരെയായിരുന്നു. ലഹരിക്കടിമയായ ശരവണൻ സുമതിയെ സ്ഥിരമായി മർദ്ദിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴ്ചകൾക്കു മുമ്പ് ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്ന് സുമതിയുടെ ബന്ധുക്കൾ എത്തി പുളിയന്മല ശിവലിംഗ പളിയക്കുടിയിലേ സ്വന്തം വീട്ടിലേക്ക് യുവതിയെ കൊണ്ടുപോവുകയും വയറിനു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും, കട്ടപ്പന താലൂക്ക് ആശുപത്രിയിലുമടക്കം ചികിത്സ തേടുകയും ചെയ്തിരുന്നു.
ഒരാഴ്ചക്കു മുൻപ് ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് കുമളി പൊലീസ് പ്രതി ശരവണനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ സുമതി മരണപ്പെട്ടതോടെ നരഹത്യക്കു കൂടി ശരവണന്റെ പേരിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.







