play-sharp-fill
വരുമാന സര്‍ട്ടിഫിക്കറ്റിന് 10000 കൈക്കൂലി: അറസ്റ്റിലായ ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

വരുമാന സര്‍ട്ടിഫിക്കറ്റിന് 10000 കൈക്കൂലി: അറസ്റ്റിലായ ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: വരുമാന സര്‍ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. കാഞ്ചിയാര്‍ പള്ളിക്കവല മുത്തോലില്‍ സാജു ആന്റണി നല്‍കിയ പരാതിയിലാണ് തഹസീല്‍ദാര്‍ പിടിയിലായത്.

സാജുവിന്റെ മകന്‍ കിഷോറിന് ഓസ്‌ട്രേലിയയില്‍ ഉപരിപഠനം നടത്തുന്നതിനായി 25,00,000/- രൂപയുടെ വരുമാന സര്‍ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിന് സാജുവും തഹസീല്‍ദാരുടെ പരിചയക്കാരനുമായ കാഞ്ചിയാര്‍ സ്വദേശി സിബിയും ഒരുമിച്ച്‌ 15ന് തഹസീല്‍ദാരുടെ വീട്ടിലെത്തി വരുമാന സര്‍ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തിരക്കിയിരുന്നുവെന്നും സംസാര മധ്യേ സര്‍ട്ടിഫിക്കറ്റ് താമസം കൂടാതെ നല്‍കുന്നതിന് കൈകൂലിയായി 12,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ കാഞ്ചിയാര്‍, വണ്ടന്‍മേട് എന്നീ വിലേജ് ഓഫീസുകളില്‍ നിന്നും പ്രഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ അപേക്ഷ സാജു വിലേജ് ഓഫീസില്‍ നിന്നും നേരിട്ട്കൈപ്പറ്റി 18ന് ഇടുക്കി താലൂക് ഓഫീസിലെത്തി നല്‍കി. പിന്നീട് സര്‍ടിഫികറ്റിനായി സമീപിച്ചപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തുക നല്‍കാതിരുന്നതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.

സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വ്യാഴാഴ്ച സാജു തഹസീല്‍ദാരെ ഫോണില്‍ വിളിച്ചപ്പോള്‍ തയ്യാറാക്കി തന്റെ കൈവശം വച്ചിട്ടുണ്ടെന്നും 10,000 രൂപ താന്‍ അയച്ചു നല്‍കുന്ന അകൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട് അയച്ച്‌ നല്‍കിയ ശേഷം വീട്ടില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.

സാജു പണം അയയ്ക്കുന്നതിന് അകൗണ്ട് നമ്പര്‍ അയച്ച്‌ നല്‍കുന്നതിന് തഹസീല്‍ദാരെ വിളിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി തന്റെ കാറില്‍ വച്ചിട്ടുണ്ടെന്നും രാത്രി 7.45 മണിയോടെ 10,000 രൂപയുമായി തഹസീല്‍ദാര്‍ വീട്ടില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടില്‍നിന്നാണ് ജയ്ഷ് ചെറിയാനെ അറസ്റ്റുചെയ്തത്.

വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡി വൈ എസ് പി ഷാജു ജോസിൻ്റെ നേതൃത്വത്തിൽ, സി ഐമാരായ ടിപ്സൺ തോമസ്, മഹേഷ് പിള്ള എസ് ഐമാരായ സ്റ്റാൻലി തോമസ്, ജോയ് എ ജെ, സുരേഷ് കെ എൻ, സുരേഷ് കുമാർ ബി, പ്രദീപ് പി എൻ, ബിജു വർഗീസ്, ബേസിൽ പി ഐസക്ക്, എസ് സി പി ഒമാരായ സനൽ ചക്രപാണി, ഷിനോദ് പി ബി, ബിന്ദു ടി ഡി, സുരേഷ് കെ ആർ, ദിലീപ് കുമാർ എസ് എസ്, സന്ദീപ് ദത്തൻ, ജാൻസി വി എന്നിവരടങ്ങുന്ന സംഘമാണ് താഹസിൽദാരെ പിടികൂടിയത്.