
സ്വന്തം ലേഖകൻ
ഇടുക്കി: ചതുരംഗപ്പാറക്ക് സമീപം മാന്‍ കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യറാൻ ശ്രമം. ഉടമസ്ഥാവകാശം തെളിയിക്കാന്‍ ബിജെപി നേതാവ് ഹാജരാക്കിയ രേഖകള്‍ വ്യാജമെന്ന് റവന്യൂ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നടത്തിയ അന്വേഷണത്തിലാണിത് കണ്ടെത്തിയത്.
ഈ മാസം ഒന്നിനാണ് മാന്‍കുത്തി മേട്ടിലെ 80 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഉടുമ്പന്‍ചോലയിലെ ബിജെപി നേതാവ് ജോണിക്കുട്ടി ഒഴുകയില്‍ നടത്തിയ കയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. തുടർന്ന് ഒഴിപ്പിച്ച ഭൂമിയുടെ അവകാശം ഉന്നയിച്ച് ജോണികുട്ടി ഒഴുകയില്‍ ഹൈക്കോടതിയെ സമീപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റവന്യു വകുപ്പ് പൊളിച്ചു കളഞ്ഞ ഷെഡ്ഡുകളും കുളവും തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്നാണ് ജോണികുട്ടിയുടെ വാദം. കേസുമായി ബന്ധപ്പെട്ട് ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ജോണിക്കുട്ടി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 2005 ലെ ആധാരവും 58/69 നമ്ബരിലുള്ള പട്ടയത്തിന്റെ പകര്‍പ്പുമാണ് ജോണിക്കുട്ടി ഹാജരാക്കിയത്. എന്നാല്‍ പട്ടയത്തിലുള്ള നാല് ഏക്കര്‍ 56 സെന്റ് ഭൂമി പാണ്ഡ്യന്‍ എന്നയാളുടെ പേരില്‍ പതിച്ച് നല്‍കിയിരിക്കുന്നത് ചതുരംഗപ്പാറ വില്ലേജിലെ പാപ്പന്‍ പാറ താവളത്തില്‍ പെട്ടതാണ്.
അതായത് കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തു നിന്നു 150 മീറ്ററിലധികം അകലെ. ഒഴിപ്പിച്ച് ഏറ്റെടുത്ത സ്ഥലം ചതുരംഗപ്പാറ താവളത്തിലുള്‍പ്പെട്ടതാണ്. പാപ്പന്‍പാറ, ചതുരംഗപ്പാറ എന്നീ താവളങ്ങളെ വേര്‍തിരിക്കുന്ന സ്വഭാവിക അതിര്‍ത്തിയിലെ ഭൂമിയുടെ ഘടനയ്ക്ക് മാറ്റം വരുത്തി നിര്‍മ്മാണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
വ്യാജ രേഖ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയേറിയ ജോണികുട്ടിയ്‌ക്കെതിരെ ഭൂസംരക്ഷണ ഭേദഗതി നിയമ പ്രകാരം കേസെടുക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രകൃതി സംരക്ഷണത്തിന്റെ മറവില്‍ സ്വകാര്യ കമ്പനി രൂപീകരിച്ച്, ടൂറിസം രംഗത്ത് വന്‍ നിക്ഷേപങ്ങളും നിര്‍മ്മാണങ്ങളും നടത്താനാണ് ജോണികുട്ടി ലക്ഷ്യമിട്ടിരുന്നതെന്നാണ് റവന്യൂ വകുപ്പിന്‍റെ സംശയം.
അതിനാല്‍ കൂടുതല്‍ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സര്‍വ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.