
തിരുവനന്തപുരം: നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിയമവിരുദ്ധമായി റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക അഞ്ച് ഗഡുക്കളായി നൽകാൻ ഉത്തരവ്. വിഷയത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി മൂന്നാഴ്ചക്കകം അനുമതി നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
2022 ഒക്ടോബർ ഏഴിലെ 174/2022 സർക്കാർ ഉത്തരവ് പ്രകാരം പെൻഷൻ കുടിശിക വ്യക്തിഗതമായി അനുവദിക്കാൻ കഴിയില്ലെന്ന നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാദം കമ്മിഷൻ അംഗീകരിച്ചില്ല.
സർക്കാർ ഉത്തരവിന് വർഷങ്ങൾക്ക് മുമ്പാണ് പരാതിക്കാരനായ കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വേദനായകന്റെ പെൻഷൻ പഞ്ചായത്ത് റദ്ദാക്കിയത്. കുടിശിക നൽകാൻ കമ്മിഷൻ ഉത്തരവ് നൽകിയതും സർക്കാർ ഉത്തരവിന് മുമ്പാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം എടുത്തുകളയുന്നത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്, 2016 ഒക്ടോബർ മുതൽ 2020 ഡിസംബർ വരെയുള്ള ക്ഷേമപെൻഷൻ കുടിശിക അനുവദിക്കുന്നതിനുള്ള സർക്കാർ ഉത്തരവിനായി സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.